അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ജൂൺ 10-ലേക്ക് മാറ്റി. ഇന്ത്യൻ സമയം വൈകിട്ട് 5.52-നാണ് ആക്‌സിയം ഫോർ ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകുക. നേരത്തെ ജൂൺ എട്ടിനാണ് ദൗത്യം തീരുമാനിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്. ജൂൺ പതിനൊന്നിനാകും സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയെന്നാണ് വ്യക്തമാകുന്നത്. രാകേഷ് ശർമ്മയ്ക്കായി ഒരു സർപ്രൈസ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നുണ്ട് എന്ന് ശുഭാംശു ഇന്നും ആവർത്തിച്ചു. വിദ്യാർത്ഥികൾക്ക് പുറമേ ഒരു വി ഐ പിയോട് കൂടി ബഹിരാകാശത്ത് നിന്ന് സംവദിക്കുമെന്നാണ് ശുഭാംശു പറയുന്നത്. ബഹിരാകാശം വിദൂര സ്വപ്നമല്ലെന്ന് കുട്ടികൾക്ക് ഈ ദൗത്യത്തിലൂടെ മനസിലാകുമെന്നും ശുഭാംശു പറഞ്ഞു.
യാത്രക്ക് മുന്നോടിയായുള്ള ക്വാറൻറീനിലാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘമിപ്പോൾ. 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മറ്റൊരു ഇന്ത്യൻ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇതോടെ രാകേഷ് ശർമ്മയുടെ പിൻഗാമിയായി മാറുകയാണ് യു പി സ്വദേശി ശുഭാംശു ശുക്ല. ഐ എസ് ആർ ഒ, നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് സഹകരണത്തിലാണ് യാത്ര. റോക്കറ്റും യാത്രാ പേടകവും സ്പേസ് എക്സിന്റേതാണ്. നാസയുടെ സഹായത്തോടെ ആക്സിയം സ്പേസ് ആണ് ദൗത്യ നിർവ്വഹണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകുന്ന നാസയുടെ പ്രൈവറ്റ് ആസ്ട്രനോട്ട് മിഷൻ പദ്ധതിയാണ് ഐ എസ് ആർ ഒ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 2019ലാണ് നാസ ഈ പദ്ധതി അവതരിപ്പിച്ചത്. കരാർ കിട്ടിയത് ആക്സിയം സ്പേസിനാണ്. ആദ്യ ധാരണ പ്രകാരമുള്ള നാല് ദൗത്യങ്ങളിൽ അവസാനത്തേതാണ് ശുഭാംശുവും സംഘവും യാത്ര പോകുന്ന ആക്സിയം 4. ആദ്യ ദൗത്യം ആക്സിയം വൺ നടന്നത് 2022 ഏപ്രിലിലായിരുന്നു. രണ്ടാം ദൗത്യം ആക്സിയം ടു 2023 മേയിലും, ആക്സിയം 3 ജനുവരി 2024 ലും നടന്നു. ആക്സിയം 4 ന് ശേഷം രണ്ട് ദൗത്യങ്ങൾക്ക് കൂടി അടുത്തിടെ അനുമതിയായിട്ടുണ്ട്.
ദൗത്യത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പൗരനായി ശുഭാംശു ശുക്ല മാറും. 14 ദിവസം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലുണ്ടാകും.ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകാനുള്ള പരിശീലനത്തിന്റെ ഭാഗമാണ് ആക്‌സിയം ഫോർ ദൗത്യം.



