ഹരാരെ: അണ്ടർ-19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. സെമി ഫൈനലിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 311 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം വെറും 41 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മലയാളി ആരോൺ ജോർജാണ് മത്സരത്തിലെ താരം.
സമ്മർദമേറിയ മത്സരത്തിൽ 104 പന്തുകളിൽ നിന്ന് 115 റൺസെടുത്താണ് ആരോൺ കളം നിറഞ്ഞത്. 15 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിങ്സ്. ആരോണിന് പുറമെ വെടിക്കെട്ട് പ്രകടനം നടത്തിയ വൈഭവ് സൂര്യവംശി (33 പന്തിൽ 68), നായകൻ ആയുഷ് മാത്രെ (59 പന്തിൽ 62) എന്നിവരും ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ഓപ്പണിങ് വിക്കറ്റിൽ സൂര്യവംശിയും ആയുഷ് മാത്രെയും ചേർന്ന് നൽകിയ സ്വപ്നതുല്യമായ തുടക്കം ഇന്ത്യയുടെ പോരാട്ടം എളുപ്പമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈസൽ ഷിനോസാദ (110), ഉസൈറുള്ള നിയാസായ് (101) എന്നിവരുടെ ഇരട്ട സെഞ്ചുറി കരുത്തിൽ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് അവർ അടിച്ചുകൂട്ടി. ഇന്ത്യൻ ബൗളർമാരിൽ ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. എന്നാൽ അഫ്ഗാൻ ഉയർത്തിയ വമ്പൻ സ്കോർ ഇന്ത്യൻ ബാറ്റിങ് കരുത്തിന് മുന്നിൽ നിഷ്പ്രഭമാവുകയായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India Secures U-19 Cricket World Cup Final Berth After Dominating Afghanistan



