ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനകളുടെ പട്ടികയിൽ കാലങ്ങളായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനയെ പിന്തള്ളി ഇന്ത്യ ചരിത്രപരമായ നേട്ടം കൈവരിച്ചു. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗിൽ, അമേരിക്കയ്ക്കും (TVR 242.9) റഷ്യയ്ക്കും (TVR 114.2) പിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. 69.4 എന്ന ട്രൂവൽ റേറ്റിംഗ് (TVR) നേടിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 63.8 റേറ്റിംഗോടെ ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ, വ്യോമശക്തിയുടെ കാര്യത്തിൽ ദക്ഷിണേഷ്യയിലെ ഏറ്റവും പ്രബലമായ ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ് എന്ന് വേണം മനസ്സിലാക്കാൻ.
വ്യോമസേനയുടെ ശക്തി നിർണ്ണയിക്കുന്നതിൽ യുദ്ധവിമാനങ്ങളുടെ എണ്ണം മാത്രമല്ല, ആധുനികവൽക്കരണം, ലോജിസ്റ്റിക്കൽ പിന്തുണ, ആക്രമണം, പ്രതിരോധ ശേഷി എന്നിവയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചുള്ള TruVal Rating ഫോർമുല ഉപയോഗിച്ചാണ് WDMMA റാങ്കിംഗ് നിശ്ചയിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്ക് 1,716 വിമാനങ്ങളുണ്ടെന്നാണ് WDMMA-യുടെ കണക്ക്. ഇതിൽ 31.6 ശതമാനം യുദ്ധവിമാനങ്ങളും, 29 ശതമാനം ഹെലികോപ്റ്ററുകളും, 21.8 ശതമാനം പരിശീലകരുമാണ്. എന്നാൽ, ചൈനീസ് വ്യോമസേനയുടെ യൂണിറ്റിൽ 52.9 ശതമാനവും യുദ്ധവിമാനങ്ങളും 28.4 ശതമാനം പരിശീലകരുമാണുള്ളത്. ഈ കണക്കുകൾ പ്രകാരം, ചൈനയെ അപേക്ഷിച്ച് കൂടുതൽ “ബാലൻസ്ഡ് യൂണിറ്റ്” ഇന്ത്യക്കുണ്ട്.
ഇന്ത്യയുടെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം, വ്യോമസേനയുടെ ആധുനികവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും, ഫ്രഞ്ച് നിർമ്മിത റാഫേൽ വിമാനങ്ങൾ, മിറാഷ് 2000, റഷ്യൻ എസ്യു 30, മിഗ് -29, തദ്ദേശീയമായി വികസിപ്പിച്ച തേജസ് എന്നിവയുൾപ്പെടെയുള്ള അത്യാധുനിക വിമാനങ്ങളുടെ ഒരു സന്തുലിത ശേഖരം സജ്ജമാക്കിയതുമാണ്. കൂടാതെ, പൈലറ്റ് വൈദഗ്ദ്ധ്യം, വിവിധ യൂണിറ്റുകൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത എന്നിവയിൽ ഐ.എ.എഫ്. നൽകിയ പരിശീലനവും ഇന്ത്യക്ക് നേട്ടമായി. അടുത്തിടെ വിരമിച്ച മിഗ് -21 യുദ്ധവിമാനങ്ങൾ ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായിരുന്നു.
ഇന്ത്യയുടെ പ്രവർത്തന മികവ് തെളിയിക്കുന്ന പ്രധാന ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ. ഈ ഓപ്പറേഷനിൽ ഐ.എ.എഫ്. ഉന്നം വെച്ച എല്ലാ ലക്ഷ്യങ്ങളും വിജയകരമായി തകർക്കുകയും, ശത്രുവിന് ഒരു വിമാനത്തിന് പോലും കേടുപാടുകൾ വരുത്താൻ കഴിയാതിരിക്കുകയും ചെയ്തത് വ്യോമസേനയുടെ പ്രവർത്തനക്ഷമതയുടെ നേർസാക്ഷ്യമാണ്. എന്നാൽ, ചൈനീസ് വ്യോമസേനയാകട്ടെ, വളരെക്കാലമായി ഒരു വലിയ യുദ്ധത്തിലോ സംഘർഷത്തിലോ പങ്കെടുക്കുകയോ ശക്തി തെളിയിക്കുകയോ ചെയ്തിട്ടില്ല. ഈ പ്രവർത്തനപരിചയക്കുറവും, ഇന്ത്യയുടെ പൈലറ്റ് വൈദഗ്ദ്ധ്യവും തമ്മിലുള്ള വ്യത്യാസം റാങ്കിംഗിൽ നിർണായകമായി.
ചൈന തങ്ങളുടെ വ്യോമസേനയുടെ നവീകരണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും, “ലുക്കിൽ അല്ല, വർക്കിലാണ് കാര്യം” എന്ന നിലപാടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ആധുനിക യുദ്ധത്തിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്നായ വ്യോമശക്തിയിൽ ഇന്ത്യ കൈവരിച്ച ഈ മുന്നേറ്റം, യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ വരെ ആകാശത്തിന്റെ നിയന്ത്രണം ആർക്കെന്ന ചോദ്യത്തിന് ഒരു ശക്തമായ ഉത്തരം നൽകുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇത് അഭിമാനകരമായ നേട്ടമാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India overtakes China to become third-largest air force in world rankings



