ഒരു ചെറിയ വെള്ളച്ചാട്ടത്തിനടുത്തിരുന്ന് ഇന്ത്യയെ വാഴ്ത്തുന്ന അമേരിക്കൻ വ്ലോഗറുടെ വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുന്നത്. Vanboys222 എന്ന അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഇന്ത്യയെക്കുറിച്ചുള്ള ചില പൊതുവായ ധാരണകളെ തിരുത്തുന്നതാണ് ഈ വീഡിയോ.
‘ഇന്ത്യ വൃത്തിയില്ലാത്തതും മലിനമായതുമാണോ? എന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചിലവ് കുറവാണ്, നല്ല മനുഷ്യരുണ്ട്, കാലാവസ്ഥയിലുള്ള മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഞാൻ ഇപ്പോൾ ഒരു വെള്ളച്ചാട്ടത്തിനടുത്ത് മലയിലാണ് നിൽക്കുന്നത്. ഇന്ത്യയെക്കുറിച്ച് നിങ്ങൾ കേൾക്കുന്നതൊക്കെ ഒരു ചെറിയ സത്യം മാത്രമാണ്. ഈ സ്ഥലം ഒന്ന് നോക്കൂ’, അദ്ദേഹം വീഡിയോയിൽ പറയുന്നു.
ഇന്ത്യയെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറ്റുകയാണ് ഈ വീഡിയോയുടെ ലക്ഷ്യം. ‘ഇന്ത്യ വൃത്തിയില്ലാത്തതും, ജനസംഖ്യ കൂടുതലായ ചേരികളും മാത്രമല്ല. ഈ രാജ്യത്ത് മികച്ച ഭക്ഷണവും പ്രകൃതിഭംഗിയുമുണ്ട്. ഇവിടുത്തെ ആളുകൾക്ക് അതിഥിസത്കാരം വളരെ ഇഷ്ടമാണ്. ഇന്ത്യയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്, ഇനിയും ഇവിടെ വരാൻ കാത്തിരിക്കുന്നു’, എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
44000-ൽ അധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നിരവധി ആളുകൾ ഈ വീഡിയോയ്ക്ക് താഴെയായി ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുടെ നല്ല അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ‘ഞാൻ പലതവണ ഇന്ത്യയിൽ വന്നിട്ടുണ്ട്. ഹിമാലയം മുതൽ കേരളത്തിലെ കടൽത്തീരങ്ങൾ വരെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുതൽ ലഡാക്ക് വരെ ഇന്ത്യ അതിശയിപ്പിക്കുന്നതാണ്.
ഇന്ത്യ വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും മനുഷ്യത്വത്തിന്റെയും ഒരു മിശ്രണമാണ്’, ഒരാൾ കുറിച്ചു. ‘ഇന്ത്യയിലേക്ക് പോകണമെന്ന് പറയുമ്പോൾ ആളുകൾ അതിന്റെ മോശം കാര്യങ്ങൾ മാത്രമേ പറയാറുള്ളു, നല്ലതൊന്നും പറയാറില്ല. നിങ്ങളുടെ കാഴ്ചപ്പാടിന് നന്ദി’, മറ്റൊരാൾ കുറിച്ചു. ‘അതുല്യമായ ഇന്ത്യ… ഇന്ത്യ ഒരു ലോകം തന്നെയാണ്’, എന്നായിരുന്നു മറ്റൊരു കമന്റ്.
'India is not a dirty place, it is heaven'; India fills the heart of an American traveler



