ഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് കരുത്തേകി ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ നയങ്ങൾ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിലാണ് 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ വിപണി ഇന്ത്യക്കായി വാതിൽ തുറക്കുന്നത്. ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് കൈകാര്യം ചെയ്യുന്ന ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ടെക്സ്റ്റൈൽസ്, ലെതർ, സമുദ്രോൽപന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ വൻ മുന്നേറ്റമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉൽപ്പന്നങ്ങളും വരും വർഷങ്ങളിൽ തീരുവയില്ലാതെ യൂറോപ്പിൽ വിൽക്കാൻ സാധിക്കുമെന്നതാണ് കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ആദ്യ ഘട്ടത്തിൽ 90 ശതമാനം ഉൽപ്പന്നങ്ങൾക്കും പത്ത് വർഷത്തിനുള്ളിൽ 99 ശതമാനം ഉൽപ്പന്നങ്ങൾക്കും നികുതി ഇളവ് ലഭിക്കും. ഇതിനു പുറമെ, ആഡംബര കാറുകൾക്കും വിദേശ മദ്യത്തിനും ഇന്ത്യയിൽ വലിയ വിലക്കുറവ് അനുഭവപ്പെടും. നിലവിൽ 110 ശതമാനത്തോളമുള്ള ആഡംബര കാറുകളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തിലേക്ക് കുറയുന്നത് ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് തുടങ്ങിയ വാഹനങ്ങൾ സാധാരണക്കാർക്കും കുറഞ്ഞ വിലയിൽ ലഭ്യമാകാൻ വഴിയൊരുക്കും.
അതേസമയം, അരി, പഞ്ചസാര, ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയ കാർഷിക മേഖലകളെ കരാർ ബാധിക്കാത്ത രീതിയിൽ സംരക്ഷിക്കാനും ഇന്ത്യ ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സമുദ്രോൽപന്ന കയറ്റുമതിയിലും സുഗന്ധവ്യഞ്ജന വിപണിയിലും ഈ കരാർ വലിയ ചലനങ്ങൾ സൃഷ്ടിക്കും. കയറ്റുമതി വർദ്ധിക്കുന്നതോടെ തൊഴിലവസരങ്ങൾ ഏറുന്നതിനൊപ്പം വിദേശനാണ്യ ശേഖരത്തിലും വലിയ വർദ്ധനവുണ്ടാകും. അമേരിക്കൻ വിപണിയെ മാത്രം ആശ്രയിച്ചിരുന്ന പല ചെറുകിട വ്യവസായികൾക്കും 27 രാജ്യങ്ങളുടെ ഈ വിശാല വിപണി പുതിയൊരു പ്രതീക്ഷയാണ് നൽകുന്നത്. വരും മാസങ്ങളിൽ കരാറിന്റെ കൂടുതൽ പ്രായോഗിക വശങ്ങൾ വ്യക്തമാകുന്നതോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഇത് വലിയൊരു വിപ്ലവമായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
India-European Union trade deal becomes a reality
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



