കഴിഞ്ഞ വർഷം വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ഇരു രാജ്യങ്ങളും സജീവമായി പ്രവർത്തിച്ചു വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിലും ഹൈക്കമ്മീഷണർമാരെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ശ്രീ. ജയ്‌സ്വാൾ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കാനഡയിലെ കനനാസ്കിസിൽ നടന്ന G7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തിയെന്നും, ഈ കൂടിക്കാഴ്ച ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-കാനഡ ബന്ധം സജീവമാണെന്നും ഇതിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നും ശ്രീ. ജയ്‌സ്വാൾ അഭിപ്രായപ്പെട്ടു. ഇത് കൂടാതെ കനനാസ്കിസിലെ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഇന്ത്യ-കാനഡ ബന്ധത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പു വരുത്തിയെന്നും, ബന്ധം പുനർനിർമ്മിക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടായത്. ഈ ആരോപണങ്ങളെ ഇന്ത്യ ശക്തമായി നിഷേധിക്കുകയും. ഇതിനെത്തുടർന്ന് ഇരു രാജ്യങ്ങളും ഹൈക്കമ്മീഷണർമാരുൾപ്പെടെയുള്ള നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.
നിലവിൽ, കനേഡിയൻ പ്രധാനമന്ത്രിയായി ട്രൂഡോയുടെ പിൻഗാമിയായി മാർക്ക് കാർണി ചുമതലയേറ്റതോടെ, ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഹൈക്കമ്മീഷണർമാരെ ഉടൻ തിരികെ കൊണ്ടു വരുന്നത് ഉൾപ്പെടെ, ബന്ധങ്ങളിൽ സ്ഥിരത പുനഃസ്ഥാപിക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം, കണക്റ്റിവിറ്റി, ശുദ്ധമായ ഊർജ്ജം, സാങ്കേതിക സംരംഭങ്ങൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഭക്ഷ്യസുരക്ഷ, നിർണ്ണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരണം പുനരാരംഭിക്കാനും ചർച്ചകൾ നടത്താനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.
ഈ നീക്കങ്ങൾ, തന്ത്ര പ്രധാനമായ പ്രാധാന്യമുള്ള ഒരു ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, നിയമ വാഴ്ചയോടുള്ള ബഹുമാനം, പരമാധികാരവും പ്രാദേശിക അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-കാനഡ ബന്ധത്തിന്റെ പ്രാധാന്യം G7 ഉച്ചകോടിയിൽ ഇരു നേതാക്കളും ഊന്നിപ്പറഞ്ഞിരുന്നു. ഈ പുതിയ നീക്കങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.



