ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി റഷ്യ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി പകരം അമേരിക്കയിൽ നിന്ന് വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യക്ക് എണ്ണ നൽകുന്ന ഏക രാജ്യം റഷ്യയല്ലെന്ന് തങ്ങൾക്ക് ബോധ്യമുണ്ടെന്ന് റഷ്യൻ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് പറഞ്ഞു. ഇന്ത്യ എല്ലാക്കാലത്തും വിവിധ രാജ്യങ്ങളിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ടെന്നും ഇതിൽ പുതുമയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ വിലമതിക്കുന്നുവെന്നും അത് കൂടുതൽ വികസിപ്പിക്കുമെന്നും ക്രെംലിൻ വക്താവ് വ്യക്തമാക്കി.
നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം ട്രംപ് നടത്തിയത്. ഇന്ത്യയുടെ മേൽ ചുമത്തിയിരുന്ന പകരം തീരുവ 18 ശതമാനമാക്കി കുറച്ചതായും അദ്ദേഹം വെളിപ്പെടുത്തി. മുൻപ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഉൾപ്പെടെ ഇന്ത്യയുടെ മേൽ ആകെ 50 ശതമാനം തീരുവയായിരുന്നു അമേരിക്ക ചുമത്തിയിരുന്നത്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഈ പ്രതിസന്ധിക്കാണ് അയവുണ്ടാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India can buy oil from any country: Russia responds after India-US trade deal



