ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ തുടര്‍ച്ചയായ നാലാം ജയവുമായി പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ നിഷ്പ്രയാസം ഇന്ത്യ കീഴടക്കുകയായിരുന്നു. പാകിസ്ഥാന് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 39 പന്തില്‍ 74 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശുഭ്മാന്‍ ഗില്‍ 28 പന്തില്‍ 47 റണ്‍സെടുത്തപ്പോള്‍ 19 പന്തില്‍ 30 റണ്‍സുമായി തിലക് വര്‍മയും 7പന്തില്‍ 7 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക്-ശുഭ്മാന്‍ ഗില്‍ സഖ്യം 9.5 ഓവറില്‍ 105 റൺസടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. അഞ്ചാമനായി ക്രീസിലിത്തിയ സഞ്ജു സാംസണ് 17 പന്തില്‍ 13 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായത് നിരാശയായി. സ്കോര്‍ പാകിസ്ഥാന് 20 ഓവറില്‍ 171-5, ഇന്ത്യ 18.5 ഓവറില്‍ 174-4. 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യക്കായി ഷഹീന് അഫ്രീദി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് അഭിഷേക് ശര്‍മ തുടങ്ങിയത്. പവര്‍ പ്ലേയില്‍ തുടക്കത്തില്‍ അഭിഷേകിനെ പോലും പിന്നിലാക്കി ഗില്ലാണ് ആക്രമണം നയിച്ചത്.
എന്നാല്‍ പിന്നീട് ആക്രമണം ഏറ്റെടുത്ത അഭിഷേകും ഗില്ലും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സിലെത്തിച്ചു. പത്താം ഓവറില്‍ 100 കടന്ന ഇന്ത്യ അനായാസ്യം ലക്ഷ്യത്തിലേക്ക് കുതിക്കവെ അര്‍ധസെഞ്ചുറിക്ക് അരികെ ഗില്ലിനെ(28 പന്തില്‍ 47) ബൗള്‍ഡാക്കിയ ഫഹീം അഷ്റഫ് ആദ്യപ്രഹമേല്‍പ്പിച്ചു. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ പൂജ്യത്തിന് മടക്കി ഹാരിസ് റൗഫ് ഞെട്ടിച്ചു. 24 പന്തില്‍ അര്‍ധസെഞ്ചുറി തിച്ച അഭിഷേകും തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയെ 123 റണ്‍സിലെത്തിച്ചു. അഭിഷേക് പുറത്തായതിന് പിന്നാലെ അഞ്ചാം നമ്പറില്‍ സഞ്ജു സാംസണാണ് ക്രീസിലെത്തയത്.
പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഫഹീം അഷ്റഫ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയത അവര്‍ ഓപ്പണര്‍ ഷഹിബ്സദാ ഫര്‍ഹാന്റെ അര്‍ദ്ധ സെഞ്ച്വറി 58(45) പ്രകടനത്തിന്റെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍താരം ജസ്പ്രീത് ബുംറ കണക്കിന് തല്ല് വാങ്ങിയതും ഒപ്പം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടതും പാകിസ്ഥാന് തുണയായി.
നാലോവറുകളില്‍ നിന്ന് 45 റണ്‍സാണ് ബുംറ വഴങ്ങിയത്. തുടര്‍ച്ചയായി ബാറ്റിംഗില്‍ പരാജയപ്പെടുന്ന ,യീം അയൂബിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റി ഫഖര്‍ സമന് 15(9) ആണ് ഓപ്പണറുടെ റോളില്‍ ഫര്ഹാന് കൂട്ടായി എത്തിയത്. സയീം അയൂബ് 21(17) റണ്‍സാണ് നേടിയത്. മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറിയും നിറഞ്ഞതായിരുന്നു ഫര്‍ഹാന്റെ അര്‍ദ്ധ സെഞ്ച്വറി. ആദ്യ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ 91ന് ഒന്ന് എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്ഥാന്. എന്നാല്‍ മദ്ധ്യ ഓവറുകളില്‍ ഇന്ത്യ കളി തിരിച്ചുപിടിച്ചു. 11-16 ഓവറുകളില്‍ 31 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. മൂന്ന് വിക്കറ്റുകളാണ് ഈ ഘട്ടത്തില്‍ അവര്‍ക്ക് നഷ്ടമായത്.
ഹുസൈന് തലാത് 10(11), മുഹമ്മദ് നവാസ് 21(19) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ക്യാപ്റ്റന്‍ സല്മാന് അലി ആഗ 17(13), ഫഹീം അഷ്റഫ് 20(8) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ശിവം ദൂബെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
"India 'beats' Pakistan; complete dominance in cricket battle"
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



