ദുബായ്: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏഷ്യാ കപ്പ് 2025 ഫൈനലിൽ ചിരവൈരികളായ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് കിരീടം. ഏഷ്യാ കപ്പ് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യ–പാകിസ്താൻ ഫൈനൽ പോരാട്ടമായിരുന്നു ഇത് എന്നതിനാൽ വിജയത്തിന് ഇരട്ടി മധുരമുണ്ട്. എട്ടാം കിരീട നേട്ടത്തോടെ ഏഷ്യൻ ക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കാനും ഇന്ത്യക്കായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഓപ്പണർമാരായ സാഹിബ്സാദ ഫർഹാൻ (57 പന്തിൽ 38), ഫഖർ സമാൻ (35 പന്തിൽ 46) എന്നിവരുടെ മികവിൽ ശക്തമായ തുടക്കമാണ് നേടിയത്. ഒരു ഘട്ടത്തിൽ 113/1 എന്ന നിലയിൽ മികച്ച സ്കോറിലേക്ക് കുതിച്ച പാകിസ്താന്റെ പ്രതീക്ഷകൾ ഇന്ത്യൻ സ്പിന്നർമാർ തകർത്തെറിഞ്ഞു. സ്കോർ 113-ൽ നിൽക്കെ ആദ്യ വിക്കറ്റ് വീണതോടെ പാകിസ്താന്റെ കൂട്ടത്തകർച്ച ആരംഭിച്ചു. വെറും 33 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ പാകിസ്താന്റെ 9 വിക്കറ്റുകളാണ് നഷ്ടമായത്. 4 വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ് (4/30) ഇന്ത്യക്ക് വേണ്ടി സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകി. അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ കുൽദീപിന് മികച്ച പിന്തുണ നൽകി. 19.1 ഓവറിൽ പാകിസ്താന്റെ ഇന്നിങ്സ് 146 റൺസിന് അവസാനിച്ചു. ടൂർണമെന്റിലുടനീളം 13 വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ് ടോപ് വിക്കറ്റ് ടേക്കറായും മാറി.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് പാക് പേസർമാർ തുടക്കത്തിൽ തിരിച്ചടി നൽകി. 83/4 എന്ന നിലയിൽ ഇന്ത്യ പതറിയെങ്കിലും, യുവതാരം തിലക് വർമയും (69*), ശിവം ദൂബെയും(33) ചേർന്ന് ഇന്നിങ്സിനെ ശ്രദ്ധയോടെ മുന്നോട്ട് നയിച്ചു.സമ്മർദ്ദ നിമിഷങ്ങളിൽ ഇരുവരും ചേർന്നുണ്ടാക്കിയ നിർണ്ണായക കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.24 റൺസ് നേടി മലയാളി താരം സഞ്ജു സാംസണും കളിയിൽ നിർണ്ണായക പങ്ക് വഹിച്ചു.ഒടുവിൽ 5 വിക്കറ്റുകളും 2 പന്തുകളും ബാക്കി നിൽക്കെ ഇന്ത്യ കിരീടം ഉറപ്പിച്ചു.
ഫൈനലിൽ കളിക്കളത്തിന് പുറത്തും ശ്രദ്ധേയമായ സംഭവങ്ങൾ ഉണ്ടായി. പാക് പേസർമാരായ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും ഇന്ത്യൻ ദേശീയ ഗാന സമയത്ത് സംസാരിച്ചതിന് വിമർശനം നേരിട്ടു. കളിക്കളത്തിൽ ഹാരിസ് റൗഫിനെ ബൗൾഡ് ചെയ്ത ശേഷം ജസ്പ്രീത് ബുംറ നൽകിയ ”send-off” പോരാട്ടത്തിന് കൂടുതൽ തീവ്രത നൽകി. യുവതാരങ്ങളുടെ മികച്ച പ്രകടനവും മുതിർന്ന കളിക്കാരുടെ സമ്മർദ്ദഘട്ടങ്ങളിലെ സ്ഥിരതയാർന്ന പ്രകടനവും ഇന്ത്യയുടെ ഈ ഏഷ്യാ കപ്പ് വിജയത്തെ ചരിത്രത്തിലെ മികച്ച വിജയങ്ങളിൽ ഒന്നാക്കി മാറ്റുന്നു.
India beat Pakistan to win Asia Cup; Kuldeep Yadav becomes star
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



