ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെത്തുടർന്ന് ഉലഞ്ഞ നയതന്ത്രബന്ധം വീണ്ടെടുക്കാൻ ഇന്ത്യയും കാനഡയും കൈകോർക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാനഡ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണത്തിൽ നിർണ്ണായകമായ പുരോഗതിയാണുണ്ടായിരിക്കുന്നത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായാണ് ഫെബ്രുവരി 7-ന് അജിത് ഡോവൽ – നതാലി ഡ്രൂയിനുമായി കൂടിക്കാഴ്ച നടത്തിയത്.
സുരക്ഷാ ചർച്ചകളുടെ ഭാഗമായി ദേശീയ സുരക്ഷ, നിയമപാലനം എന്നീ മേഖലകളിൽ സംയുക്തമായി പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ഒരു പുതിയ കർമ്മരേഖയ്ക്ക് രൂപം നൽകി. ആശയവിനിമയം കൂടുതൽ സുഗമമാക്കുന്നതിനായി രണ്ട് രാജ്യങ്ങളും Liaison Officer നിയമനം തീരുമാനിച്ചു. ഇത് ലഹരിക്കടത്ത് തടയുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള കുറ്റവാളി ശൃംഖലകളെ അടിച്ചമർത്തുന്നതിനും വലിയ രീതിയിൽ സഹായിക്കും. പ്രത്യേകിച്ച് മാരക ലഹരിമരുന്നായ ഫെന്റനൈൽ നിർമ്മാണത്തിനാവശ്യമായ വസ്തുക്കളുടെ കടത്ത് തടയുന്നതിൽ ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കും.
സൈബർ സുരക്ഷാ പോളിസികൾ ഔദ്യോഗികമായി രൂപീകരിക്കുന്നതിനും വിവരങ്ങൾ പങ്കിടുന്നതിനും ഇരു സർക്കാരുകളും പ്രതിജ്ഞാബദ്ധത അറിയിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനുള്ള ചർച്ചകൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തുടരാനും യോഗത്തിൽ ധാരണയായി. കാനഡയുടെ പബ്ലിക് സേഫ്റ്റി മിനിസ്റ്റർ ഗാരി ആനന്ദസംഗരീയുമായും ഡോവൽ കൂടിക്കാഴ്ച നടത്തി. 2023-ലെ നയതന്ത്ര വിള്ളലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India and Canada agree to shared workplan to guide bilateral cooperation on national security



