പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ കുടുംബ ഡോക്ടർമാർക്ക് പുതിയ രോഗി ലക്ഷ്യങ്ങൾ നിശ്ചയിച്ച സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രതിദിനം 24 രോഗികളെ പരിശോധിക്കുകയും ഓരോ ഡോക്ടറും 1600 രോഗികളുടെ ചുമതല ഏറ്റെടുക്കുകയും വേണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളാണ് ഡോക്ടർമാരെ ചൊടിപ്പിച്ചത്. ഇത് അപ്രായോഗികവും രോഗികളുടെ പരിചരണത്തിന്റെ നിലവാരം കുറയ്ക്കുന്നതുമാണെന്ന് ഡോക്ടർമാർ പറയുന്നു.
കഴിഞ്ഞ വർഷം, അഞ്ചു വർഷത്തിനിടെ 35 ശതമാനം ശമ്പള വർധനവ് ഉൾപ്പെടെയുള്ള പുതിയ ഫിസിഷ്യൻ സർവീസസ് കരാർ പി.ഇ.ഐ. സർക്കാർ അംഗീകരിച്ചിരുന്നു. കുടുംബ ഡോക്ടർമാർക്ക് പ്രത്യേക പരിഗണന നൽകുന്ന കാനഡയിലെ ആദ്യ പ്രവിശ്യയായി പി.ഇ.ഐ. മാറുകയും ചെയ്തു. എന്നാൽ, നിലവിലെ പുതിയ നിർദേശങ്ങൾ ഡോക്ടർമാരെ ഞെട്ടിച്ചിരിക്കുകയാണ്.
കാനഡയിലെ കണക്കനുസരിച്ച് ഒരു ഡോക്ടർക്ക് ശരാശരി 1400 രോഗികളാണുള്ളത്. പുതിയ 1600 എന്ന ലക്ഷ്യം പരിചരണത്തിന്റെ നിലവാരത്തെ ബാധിക്കുമെന്ന് കോളേജ് ഓഫ് ഫാമിലി ഫിസിഷ്യൻസ് ഓഫ് കാനഡ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, നിർദേശങ്ങൾ അയവുള്ളതും ന്യായവുമാണെന്ന് ഹെൽത്ത് പി.ഇ.ഐ. സി.ഇ.ഒ. മെലാനി ഫ്രേസർ പറയുന്നു. 1600 എന്നത് പരമാവധി എണ്ണമാണെന്നും ഓരോ ഡോക്ടറുടെയും പ്രവൃത്തി സമയം, സഹായികളുടെ ലഭ്യത, രോഗികളുടെ സ്ഥിതി എന്നിവ പരിഗണിച്ച് വ്യക്തിഗത ലക്ഷ്യങ്ങൾ നിശ്ചയിക്കുമെന്നും അവർ വ്യക്തമാക്കി. മറ്റ് പ്രവിശ്യകളിലെ നിലവാരത്തിൽ നിന്ന് ഇത് വലിയ വ്യത്യാസമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പലരും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് പി.ഇ.ഐയിലാണ് സ്ഥിരം ഡോക്ടറില്ലാത്ത മുതിർന്നവരുടെ എണ്ണം കൂടുതൽ. വെള്ളിയാഴ്ചയ്ക്കകം ഡോക്ടർമാർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ സമയം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ഉണ്ടാകുന്ന തീരുമാനം പല ഡോക്ടർമാരുടെയും ഭാവിയെ നിർണ്ണയിക്കുമെന്നാണ് വിലയിരുത്തൽ.



