ഒട്ടാവ: കാനഡ നേരിടുന്ന രൂക്ഷമായ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി പരിഹരിക്കാൻ ഫെഡറൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫുഡ് ബാങ്ക്സ് കാനഡ സി.ഇ.ഒ കിർസ്റ്റിൻ ബേർഡ്‌സ്‌ലി ആവശ്യപ്പെട്ടു. രാജ്യത്തെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ അസാധാരണമായ വർധനവാണ് രേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണിയും ഫെഡറൽ മന്ത്രിസഭയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഈ ആശങ്ക താൻ ഉന്നയിക്കുമെന്ന് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഫുഡ് ബാങ്ക്സ് കാനഡയുടെ റിപ്പോർട്ട് പ്രകാരം 2025 മാർച്ചിൽ മാത്രം 2.2 മില്യൺ സന്ദർശനങ്ങളാണ് രാജ്യത്തെ വിവിധ ഫുഡ് ബാങ്കുകളിൽ രേഖപ്പെടുത്തിയത്. ഇത് ആറ് വർഷം മുമ്പുള്ള പ്രതിമാസ നിരക്കിന്റെ ഇരട്ടിയാണ്. ഒരു മാസം പത്ത് ലക്ഷം സന്ദർശനങ്ങൾ എന്ന നിലയിലെത്താൻ പതിറ്റാണ്ടുകളെടുത്തപ്പോൾ, അത് ഇരട്ടിയാകാൻ വെറും അഞ്ച് വർഷം മാത്രമാണ് എടുത്തതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് ബേർഡ്‌സ്‌ലി വിശേഷിപ്പിച്ചു.
ഭക്ഷ്യസഹായം തേടുന്നവരിൽ മൂന്നിലൊന്ന് കുട്ടികളാണെന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത. പ്രതിമാസം ശരാശരി 7,12,000 കുട്ടികളാണ് ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നത്. കുട്ടികൾക്ക് പുറമെ വയോധികർ, ഒറ്റയ്ക്ക് താമസിക്കുന്നവർ, ജോലി ഉണ്ടായിട്ടും നിത്യച്ചെലവിന് പണമില്ലാത്തവർ എന്നിവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. രാജ്യത്തെ നാലിൽ ഒരാൾ ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹ്രസ്വകാല-ദീർഘകാല നിർദ്ദേശങ്ങൾ ബേർഡ്‌സ്‌ലി മുന്നോട്ടുവെച്ചു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജനങ്ങൾക്ക് താൽക്കാലിക ‘ഗ്രോസറി ആൻഡ് എസ്സൻഷ്യൽസ് ബെനഫിറ്റ്’ അനുവദിക്കണമെന്നതാണ് പ്രധാന ശുപാർശ. വാടക നൽകണോ അതോ ഭക്ഷണം വാങ്ങണോ എന്ന കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.
തൊഴിലില്ലായ്മ വേതന സംവിധാനം (ഇ.ഐ) ആധുനികവത്കരിക്കണമെന്നതാണ് ദീർഘകാല പരിഹാരമായി നിർദ്ദേശിക്കുന്നത്. നിലവിലെ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് സാമൂഹിക സുരക്ഷാ പദ്ധതികളിൽ മാറ്റം വരുത്തണം. ദാരിദ്ര്യം തടയുന്നതിനുള്ള ദീർഘകാല പരിഹാരങ്ങൾക്കൊപ്പം നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര സഹായവും അത്യന്താപേക്ഷിതമാണെന്ന് ബേർഡ്‌സ്‌ലി കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Severe increase in number of people seeking food assistance in Canada: Food Banks Canada CEO calls for urgent action



