ഒട്ടാവ: കാനഡയുടെ കുടിയേറ്റ സംവിധാനം കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. IRCC കണക്കുകൾ പ്രകാരം, 2025 ഒക്ടോബർ 31 വരെ പത്ത് ലക്ഷത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. സാധാരണ നടപടിക്രമങ്ങളിലുള്ള അപേക്ഷകൾ കൂടി ചേർത്താൽ ആകെ എണ്ണം 20 ലക്ഷം കടക്കും. കൊവിഡ് കാലത്തിന് മുൻപുള്ള നിലയിലേക്ക് ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതാണ് നിലവിലെ കാലതാമസത്തിന് പ്രധാന കാരണമെന്ന് കനേഡിയൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (CILA) ചൂണ്ടിക്കാട്ടുന്നു. അപേക്ഷകളുടെ എണ്ണം വർധിച്ചിട്ടും ജീവനക്കാരെ കുറച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ AI ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. പലപ്പോഴും ഇത്തരം സാങ്കേതികവിദ്യകൾ തെറ്റായ തീരുമാനങ്ങളെടുക്കാൻ കാരണമാകുന്നതായും പരാതിയുണ്ട്. കൂടാതെ, വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റുകളിൽ വരുത്തിയ വെട്ടിക്കുറയ്ക്കൽ കാനഡയിലെ സർവ്വകലാശാലകളെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്.
2026-ൽ 4,08,000 സ്റ്റഡി പെർമിറ്റുകൾ മാത്രമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നത് കാനഡയുടെ നിർമ്മാണ മേഖലയെയും തൊഴിൽ വിപണിയെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. രാജ്യത്ത് വൻകിട വികസന പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും അവ പൂർത്തിയാക്കാൻ ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് രാജ്യം നേരിടുന്നുണ്ട്. വിദ്യാർത്ഥികൾക്കും നിക്ഷേപകർക്കും കൃത്യമായ ധാരണ നൽകുന്ന സുസ്ഥിരമായ ഒരു കുടിയേറ്റ നയം വേണമെന്നാണ് വിദഗ്ധരുടെ ആവശ്യം. നിലവിലെ അനിശ്ചിതത്വം തുടരുന്നത് വിദേശ വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ കാരണമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
immigration-lawyer-says-canadas-immigration-system-is-in-crisis



