ഇമ്മിഗ്രേഷൻ സേവനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ, ടോറോന്റോയിലെ മിഡ്ടൗണിൽ നിന്നുള്ള 43 വയസ്സുകാരിയായ മറിയ കോർപ്പസിനെതിരെ പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിരവധി പേർക്ക് കനേഡിയൻ പൗരത്വവും തൊഴിൽ അനുമതിയും വാഗ്ദാനം ചെയ്ത് വ്യാജരേഖകൾ നൽകി പണം തട്ടിയെന്നാണ് കോർപ്പസിനെതിരെയുള്ള ആരോപണം.
പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, 2023 മേയ് 31 മുതൽ 2025 മേയ് 31 വരെയുള്ള കാലയളവിൽ ആണ് തട്ടിപ്പുകൾ നടന്നത്. കനേഡിയൻ പൗരത്വത്തിനും തൊഴിൽ അനുമതിക്കുമായി പലരും കോർപ്പസിന് പണം നൽകി. എന്നാൽ, ലഭിച്ച സേവനങ്ങൾ യഥാർത്ഥമല്ലെന്നും രേഖകൾ വ്യാജമാണെന്നും ഇരകൾ പിന്നീട് തിരിച്ചറിയുകയായിരുന്നു. മൂന്ന് തട്ടിപ്പ് കേസുകൾ ($5,000-ൽ താഴെ), മൂന്ന് തെറ്റായ വാഗ്ദാനങ്ങൾ നൽകിയ കേസുകൾ ($5,000-ൽ താഴെ), രണ്ട് വ്യാജരേഖകൾ സമർപ്പിച്ച കേസുകൾ എന്നിവയൊക്കെയാണ് മറിയ കോർപ്പസിനെതിരെ ചുമത്തിയിട്ടുള്ള മറ്റ് കുറ്റങ്ങൾ.
കോർപ്പസ് അഞ്ച് അടി നാല് ഇഞ്ച് ഉയരമുള്ള, ഇടത്തരം ശരീര പ്രകൃതിയുള്ള, തോളറ്റം വരെ നീളമുള്ള കറുത്ത മുടിയും തവിട്ടുനിറമുള്ള കണ്ണുകളുമുള്ള സ്ത്രീയാണെന്ന് പോലീസ് അറിയിച്ചു. ഈ കേസിൽ കൂടുതൽ ഇരകൾ ഉണ്ടാവാമെന്ന് സംശയിക്കുന്നതായും, കോർപ്പസിന് ഒരു അഭിഭാഷകനെ സമീപിച്ച് സ്വയം പോലീസിന് മുന്നിൽ ഹാജരാകാമെന്നും അധികൃതർ അറിയിച്ചു. ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളറിയാവുന്നവർ ടോറോന്റോ പോലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.



