സിഡ്‌നി: സാമ്പത്തിക മാന്ദ്യവും വർധിച്ചുവരുന്ന ജീവിതച്ചെലവും കാരണം ന്യൂസിലൻഡ് വിട്ട് അയൽരാജ്യമായ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. മെച്ചപ്പെട്ട ശമ്പളവും സാമ്പത്തിക സുരക്ഷിതത്വവുമാണ് ഭൂരിഭാഗം പേരെയും ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. 2025 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഏകദേശം 73,900 ന്യൂസിലൻഡ് പൗരന്മാരാണ് രാജ്യം വിട്ടത്. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം റെക്കോർഡ് കണക്കാണ്. ഇതിൽ 58 ശതമാനവും കുടിയേറുന്നത് ഓസ്‌ട്രേലിയയിലേക്കാണ്. ഓസ്‌ട്രേലിയയിലെ ശരാശരി വരുമാനം ന്യൂസിലൻഡിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിലെ പ്രതിശീർഷ ജിഡിപി (GDP per capita) 64,400 ഡോളർ ആയിരിക്കുമ്പോൾ ന്യൂസിലൻഡിൽ ഇത് 48,000 ഡോളർ മാത്രമാണ്. ന്യൂസിലൻഡിലെ വെല്ലിംഗ്ടൺ, ഓക്ക്‌ലൻഡ് തുടങ്ങിയ നഗരങ്ങളിൽ വീട്ടുവാടകയും പലചരക്ക് സാധനങ്ങളുടെ വിലയും താങ്ങാനാവുന്നതിലപ്പുറമാണെന്ന് കുടിയേറിയവർ സാക്ഷ്യപ്പെടുത്തുന്നു. പലർക്കും ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോലും വായ്പയെടുക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
എന്തുകൊണ്ട് ഓസ്‌ട്രേലിയ?
ഓസ്‌ട്രേലിയയിൽ ന്യൂസിലൻഡ് പൗരന്മാർക്ക് ജോലി ചെയ്യാനും താമസിക്കാനുമുള്ള പ്രത്യേക അവകാശങ്ങളുണ്ട്. നിർമ്മാണം, ആരോഗ്യമേഖല, ഖനനം തുടങ്ങിയ മേഖലകളിൽ ഓസ്‌ട്രേലിയയിൽ വൻ തൊഴിലവസരങ്ങളാണുള്ളത്. ന്യൂസിലൻഡിൽ ലഭിച്ചിരുന്നതിനേക്കാൾ ഇരട്ടി ശമ്പളം ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പോലും ലഭിക്കുന്നുണ്ടെന്ന് മലയാളികളടക്കം പറയുന്നു.
ന്യൂസിലൻഡിൽ നിന്നുള്ള ഈ ബ്രെയിൻ ഡ്രെയിൻ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നഴ്സുമാർ, നിർമ്മാണ തൊഴിലാളികൾ തുടങ്ങിയവരുടെ അഭാവം നികത്താൻ ഈ കുടിയേറ്റം സഹായിക്കുന്നുണ്ട്. എന്നാൽ സ്വന്തം നാട്ടിലെ പ്രതിഭകളെ നഷ്ടപ്പെടുന്നത് ന്യൂസിലൻഡിന് വലിയ തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തിൽ ന്യൂസിലൻഡിലെ സാമ്പത്തിക സ്ഥിതിയും ഭവന പ്രതിസന്ധിയും പരിഹരിക്കപ്പെടാതെ അങ്ങോട്ട് മടങ്ങാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് കുടിയേറിയ ഭൂരിഭാഗം പേരുടെയും നിലപാട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Better salaries, lower costs; Immigrants, including Malayalis, move from New Zealand to Australia



