ഒട്ടാവ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോണിൽ നിന്നോ ഫ്ലിപ്കാർട്ടിൽ നിന്നോ സാധനങ്ങൾ വാങ്ങുന്ന അത്രതന്നെ എളുപ്പത്തിൽ മയക്കുമരുന്ന് വീട്ടിലെത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാനഡയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പരസ്യം നൽകി കൊക്കെയ്ൻ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ വിൽക്കുന്ന സംഘങ്ങൾ സജീവമാണെന്ന് കാനഡയിലെ മാധ്യമം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
സോഷ്യൽ മീഡിയയിൽ പരസ്യം; ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാം
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ‘ശുദ്ധമായ കൊക്കെയ്ൻ’ എന്ന പേരിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഈ പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ മയക്കുമരുന്ന് സൈറ്റുകളിലേക്ക് എത്തും. അവിടെ ലഹരിമരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ഉറപ്പും ഉപഭോക്താക്കളുടെ റിവ്യൂകളും വരെ ലഭ്യമാണ്. സാധാരണ ഇ-കൊമേഴ്‌സ് സൈറ്റുകളിലെന്നപോലെ ക്രെഡിറ്റ് കാർഡുകളോ ഇ-ട്രാൻസ്ഫറുകളോ വഴി പണമടയ്ക്കാനും സാധിക്കും.
വീട്ടിലെത്തിക്കുന്നത് കാനഡ പോസ്റ്റ്
മയക്കുമരുന്ന് ഓർഡർ ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ കാനഡയുടെ ഔദ്യോഗിക തപാൽ സേവനമായ ‘കാനഡ പോസ്റ്റ്’ വഴി പാഴ്സൽ വീട്ടിലെത്തും. കാനഡ പോസ്റ്റിന്റെ ട്രാക്കിംഗ് നമ്പറും ഉപഭോക്താവിന് ലഭിക്കും. ഇത് ഒരു തട്ടിപ്പായിരിക്കുമെന്ന് കരുതി പരീക്ഷിച്ചു നോക്കിയവർ പോലും തങ്ങൾക്ക് ലഭിച്ച കൊക്കെയ്‌നിന്റെ ഗുണനിലവാരവും ഡെലിവറിയിലെ വേഗതയും കണ്ട് അമ്പരന്നു നിൽക്കുകയാണ്.
ലഹരിമുക്തി നേടിയവരെ വീണ്ടും കുടുക്കുന്നു
മുമ്പ് ലഹരിക്ക് അടിമപ്പെടുകയും പിന്നീട് അതിൽ നിന്ന് മോചിതനാവുകയും ചെയ്ത യുവാവിന്റെ അനുഭവം ഭീതിപ്പെടുത്തുന്നതാണ്. വർഷങ്ങളായി ലഹരി ഉപയോഗിക്കാത്ത ഇയാൾ, തന്റെ സോഷ്യൽ മീഡിയ ഫീഡിൽ തുടർച്ചയായി വന്ന കൊക്കെയ്ൻ പരസ്യങ്ങൾ കണ്ടാണ് വീണ്ടും ലഹരിയുടെ ലോകത്തേക്ക് എത്തിയത്. “ഇത് വിശ്വസിക്കാനായില്ല, ആമസോൺ പോലെ ലളിതമാണ് കാര്യങ്ങളെന്ന് യുവാവ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. പിന്നീട് തനിക്ക് ലഭിച്ച മരുന്ന് പരിശോധിച്ചപ്പോൾ അത് വീര്യം കൂടിയ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പോലീസിനും അധികൃതർക്കും വെല്ലുവിളി
ഈ സൈറ്റുകൾ പിടികൂടുക എന്നത് അധികൃതർക്ക് വലിയ വെല്ലുവിളിയാണ്. അത്യാധുനിക എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇത്തരം വെബ്‌സൈറ്റുകളുടെ ഉറവിടം കണ്ടെത്തുക പ്രയാസമാണ്. ഓരോ ദിവസവും വെബ്‌സൈറ്റ് അഡ്രസ്സുകൾ (URL) മാറ്റിക്കൊണ്ടാണ് ഇവർ അന്വേഷണ ഏജൻസികളെ വെട്ടിക്കുന്നത്. ലക്ഷക്കണക്കിന് പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന തപാൽ വകുപ്പിന് എല്ലാ പാഴ്സലുകളും സ്കാൻ ചെയ്ത് മയക്കുമരുന്ന് കണ്ടെത്തുക എന്നതും അസാധ്യമാണ്. ലഹരിമരുന്ന് വിൽക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുന്നുണ്ടെന്ന് മെറ്റ (Meta) അവകാശപ്പെടുമ്പോഴും, പുതിയ അക്കൗണ്ടുകൾ വഴി പരസ്യങ്ങൾ പ്രവഹിക്കുകയാണ്. യുവാക്കളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള ഈ ഓൺലൈൻ ലഹരി വ്യാപാരം രാജ്യാന്തര തലത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Illegal drugs advertised online, delivered by Canada Post



