മിനസോട്ട: അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി അഞ്ചു വയസ്സുകാരനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രീ-സ്കൂൾ വിദ്യാർത്ഥിയായ ലിയാം റാമോസിനെയാണ് പിതാവ് അഡ്രിയാൻ അലക്സാണ്ടർ കൊനെജോ അരിയാസിനൊപ്പം പിടികൂടിയത്. സ്കൂളിൽനിന്ന് വീട്ടിലെത്തിയ ഉടനെയായിരുന്നു നടപടി. ലിയാമിന്റെ ബാഗിൽ ഉദ്യോഗസ്ഥൻ പിടിച്ചുനിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ സ്കൂൾ അധികൃതരും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിയെ ലക്ഷ്യം വെച്ചിട്ടില്ലെന്നും പിതാവിനെ പിടികൂടാനുള്ള നീക്കത്തിനിടെ സുരക്ഷ കണക്കിലെടുത്താണ് കുട്ടിയെ കൂടെ നിർത്തിയതെന്നുമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (DHS) വിശദീകരണം.
ലിയാമിന്റെ പിതാവിനെതിരെ നിലവിൽ നാടുകടത്തൽ ഉത്തരവുകളൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ അഭയ അപേക്ഷ (Asylum case) കോടതിയുടെ പരിഗണനയിലാണെന്നും കുടുംബത്തിന്റെ അഭിഭാഷകൻ മാർക് പ്രോകോഷ് പറഞ്ഞു. ലിയാമിനെയും പിതാവിനെയും ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. കുട്ടിയെ വീട്ടിലുള്ള മറ്റ് മുതിർന്നവർക്കൊപ്പം വിടാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് കൊളംബിയ ഹൈറ്റ്സ് സ്കൂൾ അധികൃതർ ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇതേ സ്കൂൾ ഡിസ്ട്രിക്റ്റിൽ നിന്ന് പത്തും പതിനേഴും വയസ്സുള്ള മറ്റ് മൂന്ന് വിദ്യാർത്ഥികളെ കൂടി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ ഭീതിയാണ് പടർത്തുന്നത്.
‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന പേരിൽ മിനസോട്ടയിൽ നടക്കുന്ന കുടിയേറ്റ വിരുദ്ധ റെയ്ഡുകൾക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും, കുട്ടികൾക്കെതിരെയുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്ന് സ്കൂൾ ബോർഡ് അംഗങ്ങൾ വ്യക്തമാക്കി. നേരത്തെ മിനിയാപൊളിസിൽ നടന്ന റെയ്ഡിനിടെ ഒരു സ്ത്രീ വെടിയേറ്റു മരിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥിതിഗതികൾ ശാന്തമാക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യാഴാഴ്ച മിനസോട്ട സന്ദർശിക്കും. പ്രാദേശിക ഭരണകൂടങ്ങൾ സഹകരിച്ചാൽ ഇത്തരം പിഴവുകൾ ഒഴിവാക്കാമെന്നാണ് വാൻസിന്റെ നിലപാട്.
ICE detains 5-year-old and father in Minnesota, lawyer says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



