ലണ്ടൻ: ആഗോള ബോക്സ് ഓഫീസിൽ 1300 കോടി രൂപയിലധികം വാരിക്കൂട്ടിയ ‘ധുരന്ധർ’ എന്ന ഇന്ത്യൻ ചാരക്കഥ ഇപ്പോൾ ലോകനേതാക്കൾക്കിടയിലെയും സംസാരവിഷയം. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും ലണ്ടനിലെ ഹൈഡ് പാർക്കിൽ നടത്തിയ പ്രഭാത സവാരിക്കിടെയാണ് ചിത്രത്തെക്കുറിച്ച് പരാമർശമുണ്ടായത്. ഐസ് ഹോക്കി റിങ്കുകൾ ലഭ്യമല്ലാത്തതിനാൽ ഹൈഡ് പാർക്കിലെ ഓട്ടം ആസ്വദിക്കുന്നു എന്ന കുറിപ്പോടെ സ്റ്റബ്ബ് പങ്കുവെച്ച വീഡിയോയിലാണ് സിനിമയെക്കുറിച്ചുള്ള കൗതുകകരമായ സംഭാഷണമുള്ളത്.
സവാരിക്കിടെ “ഇന്ത്യയിലെ നിങ്ങളുടെ ഇൻസ്റ്റഗ്രാം വിശേഷങ്ങൾ എങ്ങനെയുണ്ട്?” എന്ന് മാർക്ക് കാർണി ചോദിച്ചപ്പോഴാണ് സ്റ്റബ്ബ് ‘ധുരന്ധറി’നെക്കുറിച്ച് സംസാരിച്ചത്. “താൻ ധുരന്ധർ കണ്ടുവെന്ന് പറഞ്ഞതോടെ വലിയ പ്രതികരണമാണ് ലഭിച്ചത്. അത് ഒരു ഗെയിം ആണെന്നാണ് ഞാൻ ആദ്യം കരുതിയത്, പക്ഷേ പിന്നീട് സിനിമയാണെന്ന് മനസ്സിലായി,” എന്നായിരുന്നു സ്റ്റബ്ബിന്റെ മറുപടി. ഇരുവരുടെയും പത്നിമാരായ ഡയാന കാർണിയും സുസെയ്ൻ ഇന്നസ് സ്റ്റബ്ബും ഇവർക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാർച്ച് 4-ന് ഡൽഹിയിൽ നടന്ന റൈസീന ഡയലോഗിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അലക്സാണ്ടർ സ്റ്റബ്ബ് സിനിമയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്. തന്റെ മകന്റെ നിർദ്ദേശപ്രകാരമാണ് ചിത്രം കണ്ടതെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം പ്രമേയമായ സിനിമ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യ സന്ദർശന വേളയിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ‘ധുരന്ധർ’, ഓപ്പറേഷൻ ലിയാരിയെ ആസ്പദമാക്കിയുള്ളതാണ്. രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത് തുടങ്ങി വൻതാരനിര അണിനിരന്ന ചിത്രം മാസങ്ങളോളം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 മാർച്ച് 19-ന് പുറത്തിറങ്ങാനിരിക്കെയാണ് ആഗോളതലത്തിൽ ചിത്രത്തിന് വീണ്ടും ചർച്ചാ പ്രാധാന്യം ലഭിക്കുന്നത്. ഹംസ അലി മസാരി എന്ന ചാരനായി രൺവീർ സിംഗ് എത്തുന്ന ചിത്രത്തിന്റെ തുടർച്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് സ്റ്റബ്ബും മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
i-watched-dhurandhar-canada-pm-finland-president-discuss-aditya-dhars-film-during-morning-jog
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



