നഗരത്തിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലക്ഷ്യമിട്ട്, ഹൈഡ്രോ ഒട്ടാവ വിതരണ നിരക്ക് വർദ്ധിപ്പിക്കാൻ ഒന്റാറിയോ എനർജി ബോർഡിന് അപേക്ഷ നൽകി. വരുന്ന അഞ്ച് വർഷത്തേക്ക് പ്രതിമാസം 3.79 ഡോളർ മുതൽ 6.08 ഡോളർ വരെ വർദ്ധനവ് ഈടാക്കാനാണ് ഹൈഡ്രോ ഒട്ടാവയുടെ പദ്ധതി. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപ പദ്ധതിയാണെന്ന് ഹൈഡ്രോ ഒട്ടാവ സി.ഇ.ഒ. ബ്രൈസ് കോൺറാഡ് വ്യക്തമാക്കി. “മുൻപത്തെ പദ്ധതികളെക്കാൾ 250% അധിക നിക്ഷേപമാണ് ഇതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിർദ്ദേശിക്കപ്പെട്ട വർദ്ധനവ് അനുസരിച്ച്, 2026-ൽ പ്രതിമാസം 6.08 ഡോളർ വർധനവുണ്ടാകും. തുടർന്ന് 2027 മുതൽ 2030 വരെ പ്രതിമാസം 2.72 ഡോളർ മുതൽ 3.79 ഡോളർ വരെ വർധനവ് ഉണ്ടാകുമെന്നും അപേക്ഷയിൽ പറയുന്നുണ്ട്. മൊത്തം $1.195 ബില്യൺ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ നഗരത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുക, വികസനത്തിന് പിന്തുണ നൽകുക, വൈദ്യുതീകരണം മെച്ചപ്പെടുത്തുക എന്നിവയാണ്.
കൂടാതെ, പുതിയ സാങ്കേതികവിദ്യകളുമായി ഉപഭോക്തൃ ആവശ്യങ്ങളെ ബന്ധിപ്പിക്കാനും, വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള ഊർജ്ജ പരിവർത്തനത്തിന് സഹായിക്കാനും, വൈദ്യുതി വിതരണ ശൃംഖലയെ കൂടുതൽ ശക്തവും തടസ്സരഹിതവുമാക്കാനും ഈ നിക്ഷേപം ലക്ഷ്യമിടുന്നു.
നിലവിൽ 3.64 ലക്ഷം ഉപഭോക്താക്കളുള്ള ഹൈഡ്രോ ഒട്ടാവ 1,116 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിലാണ് സേവനം നൽകുന്നത്. 2024-ൽ പ്രതിമാസം $4.92-ന്റെയും 2025-ൽ $0.16-ന്റെയും വർധനവ് ഹൈഡ്രോ ഒട്ടാവ ഇതിനകം വരുത്തിയിരുന്നു.
നഗര കൗൺസിലർമാർ തങ്ങളുടെ വാർഡുകളിൽ വർദ്ധിച്ചുവരുന്ന വൈദ്യുതി തടസ്സങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ, മരങ്ങളുമായുള്ള സമ്പർക്കവും വാഹനങ്ങൾ തൂണുകളിൽ ഇടിക്കുന്നതുമാണ് പ്രധാന കാരണങ്ങളെന്ന് സി.ഇ.ഒ. കോൺറാഡ് വിശദീകരിച്ചു. ഈ അധികച്ചെലവുകൾ പ്രാദേശിക ഉപഭോക്താക്കളിൽ മാത്രം ചുമത്താവുന്നതല്ലെന്നും, ഉയർന്ന തലങ്ങളിൽ നിന്നുള്ള സർക്കാർ സഹായം ആവശ്യമാണെന്നും ബ്രൈസ് കോൺറാഡ് ഉറപ്പിച്ച് പറഞ്ഞു. ഈ നിർദ്ദേശങ്ങളെക്കുറിച്ച് ഒന്റാറിയോ എനർജി ബോർഡിന് മുന്നിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ പൗരന്മാർക്ക് അവസരമുണ്ട്.



