ടൊറന്റോ: രണ്ടാഴ്ച മുൻപ് കരീബിയൻ ദ്വീപുകളിൽ ആഞ്ഞുവീശിയ ഹരിക്കേൻ ‘മെലിസ’ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളിൽ ദുരിതമനുഭവിക്കുന്ന ജമൈക്കയ്ക്ക് സഹായവുമായി കാനഡ റെഡ് ക്രോസ്സ്. 18,000-ത്തോളം ദുരിതാശ്വാസ സാമഗ്രികളാണ് മിസ്സിസാഗയിലെ ഒരു ഗോഡൗണിൽ നിന്ന് വെള്ളിയാഴ്ച ജമൈക്കയിലേക്ക് വിമാനമാർഗം അയച്ചത്.
ഒക്ടോബർ 28 ചൊവ്വാഴ്ചയാണ് കാറ്റഗറി 5 ചുഴലിക്കാറ്റായി മണിക്കൂറിൽ 295 കിലോമീറ്റർ വേഗതയിൽ ‘മെലിസ’ തെക്കുപടിഞ്ഞാറൻ ജമൈക്കൻ തീരത്ത് ആഞ്ഞടിച്ചത്. ജമൈക്കയിൽ ചുഴലിക്കാറ്റ് കാരണം 19 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, സമീപ രാജ്യമായ ഹെയ്തിയിൽ 31 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ചുഴലിക്കാറ്റ് പിന്നീട് ദുർബലമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് നീങ്ങുകയായിരുന്നു.
കനേഡിയൻ റെഡ് ക്രോസ്സ് ഡയറക്ടർ നസീറ ലകായോയുടെ അഭിപ്രായത്തിൽ, ഈ സഹായങ്ങൾ ജമൈക്കൻ റെഡ് ക്രോസ്സ് പ്രവർത്തകരാണ് വിതരണം ചെയ്യുക. ജമൈക്കയുടെ ആവശ്യപ്രകാരമാണ് ദുരിതാശ്വാസ സാമഗ്രികൾ അയച്ചതെന്നും, സ്വന്തം വസ്ത്രങ്ങളുമായി വീടുവിട്ട് ഓടിപ്പോകേണ്ടിവന്ന നിരവധി പേർ അവിടെയുണ്ടെന്നും അവർ വ്യക്തമാക്കി. അയച്ച സാധനങ്ങളിൽ ഷെൽട്ടർ കിറ്റുകൾ, പുതപ്പുകൾ, ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ, സോളാർ വിളക്കുകൾ, കൊതുകുവലകൾ എന്നിവ ഉൾപ്പെടുന്നു.
അയച്ച സാധനങ്ങൾ അടുത്ത കുറച്ച് ആഴ്ചകളിലെ അതിജീവനത്തിന് പ്രധാനമാണ്. സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ ആളുകളെ സഹായിക്കുകയാണ് ഈ ഉൽപ്പന്നങ്ങൾ ലക്ഷ്യമിടുന്നതെന്നും ലകായോ പറഞ്ഞു. ചുഴലിക്കാറ്റിൽ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് കാനഡയുടെ ഈ സഹായം വലിയ ആശ്വാസമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Hurricane Melissa wreaks havoc; Canada sends 18,000 relief supplies to Jamaica



