മിഡ്‌ലാൻഡിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബൈക്ക് റേസിങ്ങിനിടെ നടന്ന അപകടത്തിൽ 19 വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടു. റേസിംങ്ങ് നടത്തിയ മറ്റ് ബൈക്ക് യാത്രക്കാരെ പോലീസിന് ഇതുവരെ കണ്ടെത്തനായിട്ടില്ല. അവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് ഒന്റാറിയോ പോലീസ്.
റേസിംങ് സംഭവ സ്ഥലത്ത് നിന്ന് ഗുരുതരമായി തകർന്ന യുവാവിന്റെ ബൈക്ക് പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകടസ്ഥലത്ത് വെച്ച് തന്നെ യുവാവിന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും അധികൃതർ നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
അന്വേഷണത്തിനായി മിഡ്‌ലാൻഡ് പോയിന്റ് റോഡിനും ടെയ് പോയിന്റ് റോഡിനും ഇടയിലുള്ള റോഡ് വൈകുന്നേരം വരെ പോലീസ് അടച്ചിട്ടു. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരം കിട്ടുന്നവർ മിഡ്‌ലാൻഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.



