ഒട്ടാവ: കാനഡയിൽ പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തങ്ങളുടെ എക്സ്പ്രസ് എൻട്രി പ്രൊഫൈലുകൾ കൂടുതൽ കരുത്തുറ്റതാക്കാനും PR സാധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള പുതിയ സാധ്യതകൾ വ്യക്തമാകുന്നു. മുഴുവൻ സമയ പഠനത്തോടൊപ്പം വിദേശത്തുള്ള ഒരു തൊഴിൽദാതാവിന് വേണ്ടി കാനഡയിലിരുന്ന് പാർട്ട് ടൈം ആയി റിമോട്ട് ജോലി ചെയ്യുന്നത് ഇതിനായി ഉപയോഗപ്പെടുത്താം. ഈ രീതി സ്റ്റഡി പെർമിറ്റ് നിബന്ധനകൾ ലംഘിക്കാതെ തന്നെ എക്സ്പ്രസ് എൻട്രിയിലെ CRS പോയിന്റുകൾ വർദ്ധിപ്പിക്കാനും ‘കാറ്റഗറി അധിഷ്ഠിത തിരഞ്ഞെടുപ്പുകൾക്ക്’ (Category-based selection) യോഗ്യത നേടാനും അപേക്ഷകരെ സഹായിക്കും.
നിലവിലെ നിയമപ്രകാരം, കാനഡയിൽ മുഴുവൻ സമയവും പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ക്ലാസുകൾ ഉള്ള സമയങ്ങളിൽ ക്യാമ്പസിന് പുറത്ത് ആഴ്ചയിൽ പരമാവധി 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ നിശ്ചിത അവധിക്കാലങ്ങളിൽ നിയന്ത്രണമില്ലാതെ ജോലി ചെയ്യാം. ഇത്തരത്തിൽ കാനഡയിൽ വിദ്യാർത്ഥിയായിരിക്കെ ചെയ്യുന്ന ജോലികൾ ഒന്നും തന്നെ എക്സ്പ്രസ് എൻട്രി യോഗ്യതയ്ക്കോ സിആർഎസ് CRS പോയിന്റുകൾക്കോ പരിഗണിക്കാറില്ല. എന്നാൽ, ഈ 24 മണിക്കൂർ നിയന്ത്രണം കാനഡയ്ക്ക് പുറത്തുള്ള ഒരു വിദേശ കമ്പനിക്ക് വേണ്ടി കാനഡയിലിരുന്ന് ചെയ്യുന്ന റിമോട്ട് ജോലികൾക്ക് ബാധകമല്ലെന്ന് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് വലിയൊരു അവസരമാണ് തുറന്നു നൽകുന്നത്.
സിആർഎസ് (CRS) പോയിന്റുകൾ എങ്ങനെ വർദ്ധിപ്പിക്കാം?
എക്സ്പ്രസ് എൻട്രി പ്രൊഫൈലുകൾ വിലയിരുത്തുന്ന സിആർഎസ് (CRS) സംവിധാനത്തിൽ കനേഡിയൻ പ്രവൃത്തിപരിചയത്തിനും വിദേശ പ്രവൃത്തിപരിചയത്തിനും (നേരിട്ടുള്ളതോ റിമോട്ട് ആയതോ) പ്രത്യേക പോയിന്റുകൾ നൽകുന്നുണ്ട്. കാനഡയിൽ മുഴുവൻ സമയ പഠനത്തിലേർപ്പെടുമ്പോൾ റിമോട്ട് ആയി ചെയ്യുന്ന ഈ വിദേശ ജോലി എക്സ്പ്രസ് എൻട്രിയിൽ ഉൾപ്പെടുത്തണമെങ്കിൽ അത് സ്കിൽഡ് കാറ്റഗറിയിൽ (TEER 0, 1, 2, അല്ലെങ്കിൽ 3) വരുന്നതായിരിക്കണം.
മികച്ച ഭാഷാ വൈദഗ്ധ്യവും (CLB 9) കനേഡിയൻ പ്രവൃത്തിപരിചയവും ഒത്തുചേരുമ്പോൾ സ്കിൽ ട്രാൻസ്ഫറബിലിറ്റി ഘടകത്തിലൂടെ വിദേശ പ്രവൃത്തിപരിചയത്തിന് 100 സിആർഎസ് പോയിന്റുകൾ വരെ നേടാൻ സാധിക്കും. എന്നാൽ, 1,560 മണിക്കൂർ പൂർത്തിയാകുമ്പോൾ മാത്രമാണ് ഒരു വർഷത്തെ പ്രവൃത്തിപരിചയമായി കണക്കാക്കുക എന്നതിനാൽ പാർട്ട് ടൈം ആയി ജോലി ചെയ്യുമ്പോൾ ഒരു വർഷത്തെ എക്സ്പീരിയൻസ് ക്രെഡിറ്റ് ലഭിക്കാൻ സ്വാഭാവികമായും ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കും.
കാറ്റഗറി അധിഷ്ഠിത സെലക്ഷനും പുതിയ ഇളവുകളും
എക്സ്പ്രസ് എൻട്രിയിലെ കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പുകളിൽ യോഗ്യത നേടുന്നത് വഴി കുറഞ്ഞ സിആർഎസ് സ്കോർ ഉള്ളവർക്ക് പോലും പിആർ ലഭിക്കാനുള്ള ക്ഷണം (ITA) ലഭിക്കാറുണ്ട്. കാനഡയിലിരുന്ന് വിദേശ കമ്പനികൾക്കായി റിമോട്ട് ജോലി ചെയ്യുന്നവർക്കും ഇത്തരം കാറ്റഗറി നറുക്കെടുപ്പുകളിൽ ഉൾപ്പെടാൻ സാധിക്കും. ഇതിനായി കഴിഞ്ഞ 3 വർഷത്തിനിടയിൽ അർഹതപ്പെട്ട ഏതെങ്കിലും ഒരു നിശ്ചിത തൊഴിൽ മേഖലയിൽ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തിപരിചയം (മുഴുവൻ സമയ ജോലി അല്ലെങ്കിൽ അതിന് തുല്യമായ പാർട്ട് ടൈം ജോലി) ഉണ്ടായിരിക്കണം.
കാനഡയിലെ പുതിയ നിയമപരിഷ്കാരങ്ങൾ പ്രകാരം ഈ 12 മാസത്തെ പ്രവൃത്തിപരിചയം തുടർച്ചയായ കാലയളവിൽ ഉള്ളതായിരിക്കണം എന്ന് നിർബന്ധമില്ല. മുൻപ് ഇത് 6 മാസത്തെ തുടർച്ചയായ പ്രവൃത്തിപരിചയം എന്നതായിരുന്നു. തുടർച്ചയായി ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയത് പഠനത്തോടൊപ്പം പാർട്ട് ടൈം റിമോട്ട് ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ്.
ഹെൽത്ത് കെയർ, സ്റ്റെം (STEM), ട്രേഡ്സ്, എഡ്യൂക്കേഷൻ, ട്രാൻസ്പോർട്ട് എന്നീ അഞ്ച് പ്രമുഖ മേഖലകളിലാണ് നിലവിൽ വിദേശ പ്രവൃത്തിപരിചയമുള്ള വിദ്യാർത്ഥികൾക്ക് കാറ്റഗറി അടിസ്ഥാനത്തിൽ അപേക്ഷിക്കാൻ സാധിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു വർഷത്തെ മുഴുവൻ സമയ പ്രവൃത്തിപരിചയമായി ഇമിഗ്രേഷൻ വകുപ്പ് കണക്കാക്കുന്നത് 1560 മണിക്കൂറാണ് (അതായത് ആഴ്ചയിൽ 30 മണിക്കൂർ). ഇതിൽ കൂടുതൽ മണിക്കൂർ ഒരു ആഴ്ചയിൽ ജോലി ചെയ്താലും അത് അധിക പ്രവൃത്തിപരിചയമായി കണക്കാക്കില്ല.
ഒരു വിദ്യാർത്ഥി ആഴ്ചയിൽ 15 മണിക്കൂർ വീതമാണ് വിദേശ കമ്പനിക്കായി റിമോട്ട് ജോലി ചെയ്യുന്നതെങ്കിൽ, ഒരു വർഷത്തെ പ്രവൃത്തിപരിചയം ക്രെഡിറ്റ് ലഭിക്കാൻ 24 മാസം (രണ്ട് വർഷം) വേണ്ടി വരും. മുഴുവൻ സമയ പഠനത്തിന്റെ കടുത്ത ഷെഡ്യൂളുകൾക്കിടയിൽ ആഴ്ചയിൽ 15 മുതൽ 20 മണിക്കൂറിലധികം റിമോട്ട് ജോലി ചെയ്യുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായേക്കാം എന്നതും വിദ്യാർത്ഥികൾ കണക്കിലെടുക്കേണ്ടതുണ്ട്.
കാനഡയിൽ ഇരുന്നുകൊണ്ട് ചെയ്യുന്ന ഇത്തരം വിദേശ റിമോട്ട് ജോലികൾ സാധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായ ഒന്നായതിനാൽ, പിആർ അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ തങ്ങളുടെ തൊഴിൽ പരിചയം എക്സ്പ്രസ് എൻട്രി നിബന്ധനകൾക്ക് പൂർണ്ണമായും വിധേയമാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകളും തെളിവുകളും അപേക്ഷകർ ഹാജരാക്കേണ്ടതുണ്ട്.
how-remote-work-experience-can-boost-your-chance-of-permanent-residency-as-an-international-student
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




