കാനഡയുടെ പൗരത്വ നയം ഇരട്ട പൗരത്വത്തിന് അനുമതി നൽകുന്നുണ്ടെങ്കിലും, യഥാർത്ഥ പൗരത്വം നിലനിർത്താൻ സാധിക്കുമോ എന്നത് അപേക്ഷകന്റെ മാതൃരാജ്യത്തിന്റെ നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു. കനേഡിയൻ നിയമപ്രകാരം പൗരത്വം നേടുന്നവർക്ക് ഇരട്ട പൗരത്വം സ്വീകാര്യമാണ്. എന്നാൽ ഇന്ത്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ നിയമങ്ങൾ ഇത് അനുവദിക്കുന്നില്ല. ഈ കാരണത്താൽ ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് കനേഡിയൻ പൗരത്വം നേടുമ്പോൾ അവരുടെ യഥാർത്ഥ പൗരത്വം നഷ്ടപ്പെടുന്നു.
ഇന്ത്യൻ പൗരത്വം നിലനിർത്താൻ കഴിയില്ലെങ്കിലും, കനേഡിയൻ പൗരത്വം നേടുന്ന ഇന്ത്യക്കാർക്ക് പ്രവാസി ഇന്ത്യൻ പൗരത്വ (OCI) പദവി ലഭിക്കും. ഈ പദവി അവർക്ക് ഇന്ത്യയിൽ ദീർഘകാല വിസ സൗകര്യങ്ങളും മറ്റ് അനുകൂല്യങ്ങളും നൽകുന്നു. ചൈനയുടെ കാര്യത്തിൽ, ഇരട്ട പൗരത്വം പൂർണ്ണമായും അനുവദനീയമല്ലാത്തതിനാൽ വിദേശ പൗരത്വം സ്വീകരിക്കുന്ന ചൈനീസ് പൗരന്മാർക്ക് സ്വയമേവ അവരുടെ ചൈനീസ് പൗരത്വം നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എല്ലാ രാജ്യങ്ങളും ഇരട്ട പൗരത്വത്തിന് എതിരല്ലെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. നൈജീരിയ, ഫിലിപ്പീൻസ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി ഇരട്ട പൗരത്വം അനുവദിക്കുന്നു. ഇത് ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് കനേഡിയൻ പൗരത്വം നേടുമ്പോൾ അവരുടെ യഥാർത്ഥ പൗരത്വവും നിലനിർത്താൻ സാധിക്കുന്നു.
കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർ പാലിക്കേണ്ട പ്രധാന മാനദണ്ഡങ്ങൾ ഇവയോക്കെയാണ്, സ്ഥിര താമസ അനുമതി (permanent resident) ലഭിച്ചിരിക്കണം, കഴിഞ്ഞ അഞ്ച് വർഷത്തിൽ കുറഞ്ഞത് 1,095 ദിവസം (മൂന്ന് വർഷം) കാനഡയിൽ താമസിച്ചിരിക്കണം, നികുതി ബാധ്യതകൾ പാലിച്ചിരിക്കണം, പൗരത്വ പരീക്ഷയിൽ വിജയിക്കണം, കൂടാതെ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ CLB (Canadian Language Benchmark) ലെവൽ 4 ഭാഷാ പ്രാവീണ്യം പ്രകടിപ്പിക്കണം. ഈ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കൂ.



