സസ്‌കച്ചെവാൻ: വീടിന്റെ അവസ്ഥയെച്ചൊല്ലി വിൽപനക്കാരെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി അധിക്ഷേപിച്ച റിയൽ എസ്റ്റേറ്റ് ഏജന്റിന് കാനഡയിൽ കർശന നടപടി. സസ്‌കച്ചെവാനിലെ റിയൽ എസ്റ്റേറ്റ് ഏജന്റായ ഡാരൽ സ്ട്രെച്ചിനെതിരെയാണ് സസ്‌കച്ചെവാൻ റിയൽ എസ്റ്റേറ്റ് കമ്മീഷൻ (SREC) നടപടിയെടുത്തത്. മൂന്ന് മാസത്തെ സസ്പെൻഷനും 3,000 ഡോളർ പിഴയുമാണ് ശിക്ഷ. തൊഴിൽപരമായ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഒരു വീട് വിൽപനയുമായി ബന്ധപ്പെട്ട് വാങ്ങുന്നവർക്ക് വേണ്ടിയാണ് സ്ട്രെച്ച് പ്രവർത്തിച്ചിരുന്നത്. എന്നാൽ കൈമാറ്റ സമയത്ത് വീടിന്റെ അവസ്ഥ മോശമായിരുന്നു എന്നാരോപിച്ച് ഇദ്ദേഹം വിൽപനക്കാരുമായി തർക്കത്തിലായി. എന്നാൽ ഈ പരാതി നേരിട്ട് അറിയിക്കുന്നതിന് പകരം, വിൽപനക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ഫേസ്ബുക്കിലെ ‘കുഞ്ഞ് ജനിച്ച’ വാർത്ത പങ്കുവെച്ച പോസ്റ്റിന് താഴെയാണ് സ്ട്രെച്ച് അധിക്ഷേപകരമായ കമന്റുകൾ രേഖപ്പെടുത്തിയത്. വീടിന്റെ നിലത്ത് ‘പ്രേതബാധയുണ്ട്’ എന്ന് കുട്ടികൾ ചോക്കുകൊണ്ട് എഴുതിയ ചിത്രങ്ങളും ഫ്ലോറിങ്ങിലെ പോറലുകളും സ്ട്രെച്ച് ഇതിനൊപ്പം പ്രചരിപ്പിച്ചു.
താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അവയ്ക്കുള്ള ചികിത്സയുമാണ് ഇത്തരമൊരു പെരുമാറ്റത്തിലേക്ക് നയിച്ചതെന്ന് സ്ട്രെച്ച് കമ്മീഷനെ അറിയിച്ചു. എന്നാൽ, ഇത്തരം പ്രവൃത്തികൾ റിയൽ എസ്റ്റേറ്റ് മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് നിരീക്ഷിച്ച കമ്മീഷൻ, സ്ട്രെച്ചിന് താക്കീത് നൽകുകയും ചെയ്തു. 2019-ലും സഹപ്രവർത്തകനോട് മോശമായി സംസാരിച്ചതിന് ഇയാൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കമ്മീഷൻ ഇപ്പോൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
how-low-can-you-go-saskatoon-real-estate-agent-fined-for-facebook-outburst
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



