ബ്രിട്ടീഷ് കൊളംബിയ: ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ ദാരുണമായ വെടിവെപ്പിനെത്തുടർന്ന് പ്രദേശം അതീവ ജാഗ്രതയിൽ. 18 വയസ്സുകാരിയായ ജെസ്സി വാൻ റൂട്ട്‌സെലാർ സ്വന്തം മാതാവിനെയും സഹോദരനെയും വധിച്ച ശേഷം സ്‌കൂളിലെത്തി നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപക സഹായിയും ഉൾപ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന് ശേഷം ജെസ്സി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് അടച്ചുപൂട്ടിയ വിദ്യാലയം കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും മാനസികാരോഗ്യ പിന്തുണയും ഉറപ്പാക്കിയ ശേഷമേ തുറന്നുപ്രവർത്തിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ കെട്ടിടത്തിലേക്ക് വിദ്യാർത്ഥികളെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് പീസ് റിവർ സൗത്ത് സ്‌കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ക്രിസ്റ്റി ഫെന്നൽ അറിയിച്ചു.
പത്ത് വർഷം മുമ്പ് സമാനമായ രീതിയിൽ വെടിവെപ്പ് നടന്ന ലാ ലോച്ചെയിലെ ഡെനെ ഹൈസ്‌കൂളിലെ അനുഭവങ്ങൾ മുൻനിർത്തിയാണ് ഇപ്പോഴത്തെ പുനരധിവാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. അന്ന് വെടിവെപ്പിന് ശേഷം ആഴ്ചകളോളം സ്‌കൂൾ അടച്ചിട്ടിരുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഭീതി അകറ്റാൻ സെക്യൂരിറ്റി ഗാർഡുകളെയും കൗൺസിലർമാരെയും നിയമിച്ച ശേഷമാണ് അന്ന് ക്ലാസുകൾ പുനരാരംഭിച്ചത്.
ടംബ്ലർ റിഡ്ജിലും സമാനമായ രീതിയിലുള്ള സുരക്ഷാ പ്ലാനുകൾ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് വരാൻ നിർബന്ധിക്കില്ലെന്നും അവർക്ക് സുരക്ഷിതമായ മറ്റൊരു പഠന സൗകര്യം ഒരുക്കുമെന്നും ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ഉറപ്പുനൽകി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സ്‌കൂളിൽ തെളിവെടുപ്പ് തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ 12-ഉം 13-ഉം വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നു എന്നത് നാടിനെയാകെ നടുക്കിയിരിക്കുകയാണ്.
“സാധാരണ നിലയിലേക്ക് മടങ്ങുക എന്നത് പ്രയാസകരമായ ദൗത്യമാണ്, എങ്കിലും പരസ്പര സഹകരണത്തിലൂടെയും കൃത്യമായ പിന്തുണയിലൂടെയും മാത്രമേ ഈ ആഘാതത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ സാധിക്കൂ” എന്ന് നോർത്തേൺ ലൈറ്റ്‌സ് സ്‌കൂൾ ഡിവിഷനിലെ ജേസൺ യങ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി ടംബ്ലർ റിഡ്ജിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
how-la-loche-students-returned-after-mass-shooting
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



