എഡ്മന്റൺ; എഡ്മന്റണിൽ ചികിത്സയ്ക്കായി എട്ടു മണിക്കൂറോളം കാത്തുനിന്ന ഇന്ത്യക്കാരനായ പ്രശാന്ത് ശ്രീകുമാർ (44) ഹൃദയസ്തംഭനം മൂലം മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പ്രശാന്തിന്റെ മൃതദേഹത്തിന് മുന്നിൽ നിന്ന് ഭാര്യ നിഹാരിക ശ്രീകുമാർ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വേദനയാവുകയാണ്. കൃത്യസമയത്ത് ചികിത്സ നൽകാതെ ആശുപത്രി അധികൃതർ തന്റെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.
കഴിഞ്ഞ ഡിസംബർ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രശാന്തിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. 12.20-ഓടെ എഡ്മന്റണിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രാത്രി 8.50 വരെ പ്രശാന്ത് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കേണ്ടി വന്നു. കടുത്ത നെഞ്ചുവേദനയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതർ അത് ഗൗരവമായി എടുത്തില്ല. പ്രശാന്തിന്റെ രക്തസമ്മർദ്ദം (BP) അപകടകരമായ രീതിയിൽ ഉയർന്ന് 210-ൽ എത്തിയിട്ടും വെറും ടൈലനോൾ ഗുളിക മാത്രമാണ് നൽകിയതെന്ന് നിഹാരിക വെളിപ്പെടുത്തി.
നെഞ്ചുവേദന ഒരു അടിയന്തര സാഹചര്യമല്ലെന്നും ഹൃദയാഘാത സാധ്യതയില്ലെന്നുമാണ് ജീവനക്കാർ പറഞ്ഞിരുന്നത്. ഒടുവിൽ എട്ടു മണിക്കൂറിന് ശേഷം എമർജൻസി റൂമിലേക്ക് മാറ്റാൻ തുനിഞ്ഞപ്പോഴേക്കും പ്രശാന്ത് കുഴഞ്ഞുവീഴുകയായിരുന്നു. നഴ്സുമാർ പൾസ് പരിശോധിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
പ്രശാന്തിന്റെ പിതാവ് കുമാർ ശ്രീകുമാറും ആശുപത്രിയുടെ അനാസ്ഥയെക്കുറിച്ച് വികാരാധീനനായി സംസാരിച്ചു. വേദന എത്രത്തോളമുണ്ടെന്ന ചോദ്യത്തിന് പത്തിൽ പതിനഞ്ച് (15/10) എന്നാണ് മകൻ മറുപടി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഇസിജി എടുത്ത ജീവനക്കാർ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് തങ്ങളെ കാത്തിരിപ്പുകേന്ദ്രത്തിൽ തന്നെ ഇരുത്തി. “പപ്പാ, എനിക്ക് വേദന സഹിക്കാൻ വയ്യ” എന്ന് മകൻ അവസാനമായി തന്നോട് പറഞ്ഞതായും അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ പോലും തങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്ന് നിഹാരിക പറഞ്ഞു. മൂന്നും പത്തും പതിനാലും വയസ്സുള്ള മൂന്ന് മക്കളെ തനിച്ചാക്കിയാണ് പ്രശാന്ത് യാത്രയായത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചെങ്കിലും, കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ പ്രശാന്ത് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
“Hospital Killed Him”: Indian Man’s Wife In Canada Recalls 8-Hour Ordeal



