ലണ്ടൻ ഹെൽത്ത് സയൻസസ് സെന്ററിൽ (LHSC) 50 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 416 കോടി ഇന്ത്യൻ രൂപ) തട്ടിപ്പ് നടന്നതായി ആരോപിച്ച് ആശുപത്രി മുൻ ജീവനക്കാർക്കും കൺട്രാക്ടർമാർക്കുമെതിരെ കേസ് ഫയൽ ചെയ്തു. മുൻ എക്സിക്യൂട്ടീവ് ദീപേഷ് പട്ടേൽ, ഡെറക് ലാൽ, നീൽ മോഡി, BH കോൺട്രാക്ടേഴ്സ് ഡയറക്ടറായ പാരേഷ് സോണി, കൂടാതെ BH കോൺട്രാക്ടേഴ്സ്, GBI കൺസ്ട്രക്ഷൻ എന്നീ നിർമ്മാണ കമ്പനികളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രൊക്യൂർമെന്റ് നടപടികളിൽ കൃത്രിമം കാണിക്കുക, വ്യാജ രേഖകൾ സമർപ്പിക്കുക, ഇൻവോയിസുകളിൽ തുക പെരുപ്പിച്ച് കാണിക്കുക, താൽപ്പര്യ സംഘർഷങ്ങൾ മറച്ചുവെച്ച് കരാറുകൾ നൽകുക എന്നിവയാണ് പ്രധാന ആരോപണങ്ങൾ. ഇവയെല്ലാം സിവിൽ തട്ടിപ്പ്, വിശ്വാസവഞ്ചന, നിയമവിരുദ്ധമായ സ്വത്ത് സമ്പാദനം തുടങ്ങിയ കുറ്റങ്ങൾക്ക് തുല്യമാണെന്ന് ആശുപത്രിയുടെ വിലയിരുത്തലിൽ പറയുന്നു. 2013 മുതൽ 2024 വരെ ആശുപത്രിയുടെ ഫസിലിറ്റീസ് മാനേജ്‌മെന്റ് വിഭാഗത്തിലെ മുൻ സീനിയർ എക്സിക്യൂട്ടീവായിരുന്ന ദീപേഷ് പട്ടേലാണ് ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ഇയാൾക്ക് അടുത്ത ബന്ധമുള്ള പാരേഷ് സോണിയുടെ കമ്പനികൾക്ക് ലക്ഷക്കണക്കിന് ഡോളറുകളുടെ കരാറുകൾ കൈമാറിയതായും ആശുപത്രി പറയുന്നു. 2024 ഓഗസ്റ്റിലാണ് പട്ടേലിനെ ജോലിയിൽ നിന്ന് പുറത്താക്കിയത്.
BH കോൺട്രാക്ടേഴ്സിന് 2015-2024 കാലയളവിൽ 60 മില്യൺ ഡോളറിലധികം ലഭിച്ചുവെന്ന് ആശുപത്രിയുടെ രേഖകളിൽ പറയുന്നു. ഇതിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ജനലുകൾ മാറ്റിവെക്കുന്ന പദ്ധതിക്കായി മാത്രം 21 മില്യൺ ഡോളറിലധികം BH-ന് നൽകി. ഈ ടെൻഡർ നിയമപരമായി അസാധുവായിരുന്നെന്നും, 10 മില്യൺ ഡോളർ വരെ അധികം ചെലവാക്കിയെന്നും ആരോപണമുണ്ട്. പാരേഷ് സോണിയുമായി ബന്ധമുള്ള GBI കൺസ്ട്രക്ഷൻ എന്ന മറ്റൊരു കമ്പനി, ഒരു വ്യാജ സംവിധാനത്തിനായി 330,000 ഡോളറിലധികം തുകയുടെ ഇൻവോയിസുകൾ സമർപ്പിച്ചതായും പറയുന്നുണ്ട്. 2013 മുതൽ 2024 വരെ GBI-ക്ക് 11 മില്യൺ ഡോളറിലധികം ആശുപത്രിയിൽ നിന്ന് ലഭിച്ചതായി രേഖകളിലുണ്ട്. കൂടാതെ, BH കോൺട്രാക്ടേഴ്സ് 2022-ൽ “പോൾ സ്മിത്ത്” എന്ന വ്യാജപേരും വ്യാജ ഇൻഷുറൻസ്, സുരക്ഷാ സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ‘വെണ്ടർ ഓഫ് റെക്കോർഡ്’ ആയി തുടർന്നു എന്നും ആശുപത്രി ആരോപിക്കുന്നു.
തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് പ്രതികൾ വലിയ തോതിൽ സ്വത്തുക്കൾ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പട്ടേൽ, BH കോൺട്രാക്ടേഴ്സിന് കരാർ നൽകിയതിന് ശേഷം 17 ഉൾപ്പെടെ 22 റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ സ്വന്തമാക്കിയെന്ന് ആരോപണവുമുണ്ട് . അതുപോലെ, GBI-ക്ക് കരാർ ലഭിച്ചതിന് ശേഷം പാരേഷ് സോണിയുടെ പേരിൽ ഏകദേശം 14 മില്യൺ ഡോളർ മൂല്യമുള്ള 43 പ്രോപ്പർട്ടികൾ വാങ്ങിയതായും കേസിൽ പറയുന്നു. ഇതിനുപുറമെ, മുൻ സിഇഒ ജാക്കി ഷ്ലൈഫർ ടെയ്ലർ, സിഎഫ്ഒ അഭിജീത് മുഖർജി, മുൻ എക്സിക്യൂട്ടീവ് ബ്രാഡ്ലി കാമ്പ്ബെൽ, കൺസൾട്ടിംഗ് കമ്പനിയായ കോർപ്പസ് സാഞ്ചസ് ഇന്റർനാഷണൽ എന്നിവർക്കെതിരെയും LHSC 10 മില്യൺ ഡോളറിന്റെ മറ്റൊരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. 2022-ലെ ഒരു രഹസ്യാന്വേഷണ റിപ്പോർട്ടിൽ തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകൾ അവഗണിച്ചതും, കുറ്റങ്ങൾ മറച്ചുവെച്ചതും ഈ കേസിൽ ആരോപണങ്ങളായി ഉന്നയിച്ചിട്ടുണ്ട്.



