ബ്രിട്ടീഷ് കൊളംബിയയിലെ (ബി.സി.) ഒകനഗൻ താഴ്‌വരയിലെ പീച്ച് കർഷകർക്ക് 2025-ലെ വിളവെടുപ്പിൽ വലിയ പ്രതീക്ഷ. കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥാ ദുരന്തങ്ങൾ കൃഷിയെ സാരമായി ബാധിച്ചിരുന്നെങ്കിലും, ഈ വർഷം നല്ല വിളവ് ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കർഷകർ. 2021-ലെ ഉഷ്ണതരംഗം മരങ്ങളിൽവെച്ച് തന്നെ പഴങ്ങളെ നശിപ്പിക്കുകയും, തുടർച്ചയായ രണ്ട് അതിശൈത്യങ്ങൾ വിളകളെ ഇല്ലാതാക്കുകയും ചെയ്തിരുന്നു. 2024-ലുണ്ടായ അതിശൈത്യം പല പ്രദേശങ്ങളിലെയും ഒരു വർഷത്തെ വിളകളെ പൂർണ്ണമായും നശിപ്പിച്ചു.
കഴിഞ്ഞ നാല് വർഷമായി തനിക്ക് നല്ലൊരു പീച്ച് വിളവെടുപ്പ് നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് കെലോണയിലെ ” There and Back Again Farms ” ഉടമ ജെനിഫർ ഡിയോൾ പറയുന്നു. “ഈ സീസണിൽ മരങ്ങളിൽ നിറയെ പഴങ്ങളുണ്ട്, 2024-ലെ അതിശൈത്യത്തെ അതിജീവിച്ച മരങ്ങൾ ആരോഗ്യത്തോടെയിരിക്കുന്നു.” മൂന്ന് ഏക്കറിലധികം സ്ഥലത്ത് 20-ൽ ത്തരം ഇനം പീച്ചുകളാണ് ജെനിഫർ ഡിയോൾ കൃഷി ചെയ്യുന്നത്. ആൽബർട്ടയിലും സസ്കച്ചെവാനിലുമെല്ലാം ഇവരുടെ പീച്ചുകൾക്ക് വലിയ പ്രചാരമുണ്ട്.
കെരെമിയോസിലെ “Hans of the Hans Estate Vineyards and Orchards”ന്റെ ഉടമയായ ബാൽകർ ഹാൻസ് പറയുന്നത്, ഈ വർഷത്തെ വിളവെടുപ്പ് ഒരു മികച്ച വർഷത്തെ അപേക്ഷിച്ച് 75 മുതൽ 85 ശതമാനം വരെ ഉണ്ടാകുമെന്നാണ്. തുടർച്ചയായ കാലാവസ്ഥാ ദുരന്തങ്ങൾ തന്റെ പീച്ച് മരങ്ങളെ നശിപ്പിച്ചിരുന്നെങ്കിലും, 2025-ൽ അവയെല്ലാം തിരിച്ചു വന്നുവെന്നും, പൂജ്യം വിളവെടുപ്പ് നടന്ന ഏതാനും വർഷങ്ങൾ ഞങ്ങളെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു.”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ കാർഷിക മേഖലയ്ക്ക് കഴിഞ്ഞ വർഷം വലിയ നഷ്ടങ്ങളാണ് നേരിടേണ്ടി വന്നത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, 2024-ൽ ബി.സിയിലെ കർഷകർക്ക് 456.9 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി, ഇത് കാനഡയിൽ വെച്ച് ഏറ്റവും വലിയ നഷ്ടമാണ്. അമേരിക്കൻ താരിഫുകളുടെ പശ്ചാത്തലത്തിൽ, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള പ്രചാരണം തങ്ങളെ സഹായിക്കുമെന്ന് ഹാൻസ് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രാദേശിക ഉൽപ്പന്നങ്ങളെ പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ജെനിഫർ ഡിയോളും ആവർത്തിച്ചു. “പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കാൻ ആളുകൾക്ക് വലിയ താൽപ്പര്യമുണ്ട്, ഈ താൽപ്പര്യം വേനൽക്കാലത്തും ശരത്കാലത്തും നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”എന്ന് അവർ പറഞ്ഞു. ഈ വർഷം നല്ലൊരു വിളവെടുപ്പ് ലഭിക്കുന്നതോടെ കർഷകർക്ക് നഷ്ടങ്ങളിൽ നിന്ന് കരകയറാനും പുതിയൊരു തുടക്കം കുറിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഒകനഗൻ താഴ്‌വര.



