കാനഡയിലെ നോർത്ത് വാൻകൂവറിൽ 1.6 കോടി രൂപ വിലമതിക്കുന്ന ഒരു വീട് ലേലത്തിൽ വിൽക്കാൻ പോകുകയാണ്. ഈ വീട് വിൽപ്പനയ്ക്ക് വെച്ചതിന്റെ പിന്നിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടവും ഒരു തട്ടിപ്പ് കേസുമാണെന്നാണ് റിപ്പോർട്ട്. അതും വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിൽപന.
യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ (UBC), വാൻകൂവർ കോസ്റ്റൽ ഹെൽത്ത് അതോറിറ്റി എന്നിവിടങ്ങളിൽ നിന്ന് കോടികൾ തട്ടിയെടുത്ത വാണ്ട മോസ്സിപ്പാൻ എന്ന ഒരു മുൻ ജീവനക്കാരിയുടേതാണ് ഈ വീട്. ഈ വീട് ലേലത്തിൽ വിൽക്കാൻ ഉത്തരവിട്ടിരിക്കുന്നത് ബ്രിട്ടീഷ് കൊളംബിയൻ സർക്കാരാണ്.
വാണ്ട മോസ്സിപ്പാൻ എന്ന മുൻ അഡ്മിനിസ്ട്രേറ്റർ 1997 മുതൽ 2011 വരെ യുബിസിയിലും വാൻകൂവർ കോസ്റ്റൽ ഹെൽത്ത് അതോറിറ്റിയിലും ജോലി ചെയ്തിരുന്നു. അവർ വ്യാജ ഒപ്പുകളുണ്ടാക്കിയും, ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിച്ചും, കൂടുതൽ ശമ്പളം കൈപ്പറ്റിയും തട്ടിപ്പ് നടത്തിയെന്ന് കഴിഞ്ഞ വർഷം കോടതി കണ്ടെത്തിയിരുന്നു.
മോസ്സിപ്പാൻ 2012-ൽ മരിച്ചതിന് ശേഷമാണ് UBCയും ആരോഗ്യവകുപ്പും പണം തിരിച്ചുപിടിക്കാൻ നിയമനടപടി ആരംഭിച്ചത്. മോസ്സിപ്പാന്റെ ഭർത്താവിന്റെ പേരിലുള്ള എസ്റ്റേറ്റിൽ നിന്ന് 1.5 ദശലക്ഷം ഡോളറിലധികം (ഏകദേശം 1.25 കോടി രൂപ) തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ വീട് വിൽപ്പനയ്ക്ക് വെക്കുന്നത്.
വീട് വിൽക്കുമ്പോൾ കിട്ടുന്ന പണം ആദ്യം നികുതികൾക്കും, നിയമനടപടി ഫീസിനും, റിയൽ എസ്റ്റേറ്റ് കമ്മീഷനും ഉപയോഗിക്കും. ബാക്കി തുക UBCക്കും ആരോഗ്യവകുപ്പിനും കോടതി വഴി നൽകും. ഈ നിർബന്ധിത വിൽപ്പന വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന്റെ അന്ത്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.



