ഒട്ടാവ: മിലാൻ ശീതകാല ഒളിമ്പിക്സിലെ വനിതാ ഐസ് ഹോക്കി ഫൈനലിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ കനേഡിയൻ ക്യാപ്റ്റൻ മേരി-ഫിലിപ്പ് പൗളിനെ ഫ്രഞ്ച് ഭാഷയിൽ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞതായി കനേഡിയൻ ഒളിമ്പിക് കമ്മിറ്റി സ്ഥിരീകരിച്ചു. കാനഡ അമേരിക്കയോട് തോറ്റതിന് പിന്നാലെ നടന്ന ചടങ്ങിലായിരുന്നു സംഭവം. നടന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഇക്കാര്യത്തിൽ സംഘാടക സമിതിയോടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോടും (IOC) ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചതായും കനേഡിയൻ ഒളിമ്പിക് കമ്മിറ്റി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വനേസ ലീ പ്രസ്താവനയിൽ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ വിവർത്തന സംവിധാനങ്ങളുമായി ബന്ധപ്പെട്ട പിഴവാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ മിലാനോ കോർട്ടിന 2026 വേദിയിലെ മീഡിയ മാനേജർ മേരി-ഫിലിപ്പ് പൗളിനോട് നേരിട്ട് ക്ഷമാപണം നടത്തിയതായും ഐഒസി വ്യക്തമാക്കി. ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഒളിമ്പിക് സംഘാടകർ അറിയിച്ചു. ഫെബ്രുവരി 19-ന് നടന്ന ഫൈനലിൽ കാനഡ വെള്ളി മെഡൽ നേടിയിരുന്നു.
ക്യുബെക്ക് പ്രവിശ്യയിൽ നിന്നുള്ള താരത്തെ ഫ്രഞ്ച് സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞത് ഗൗരവകരമായ സംഭവമാണെന്ന് പിക്യു എംഎൻഎ പാസ്കൽ ബെറൂബെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. വിഷയത്തിൽ ക്യൂബെക്ക് കായിക മന്ത്രി ഇസബെല്ലെ ചാരെസ്റ്റ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനഡയുടെ ഔദ്യോഗിക ഭാഷകളിലൊന്നായ ഫ്രഞ്ച് സംസാരിക്കുന്നതിനെതിരെയുള്ള വിലക്ക് രാഷ്ട്രീയ തലത്തിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Hockey player Marie-Philippe Paul banned from press conference; Canadian Olympic Committee confirms



