പെരുമ്പാവൂർ: പെരുമ്പാവൂർ മേഖലയിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ ക്രമരഹിതമായ പരിശോധനയിൽ 15 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പരിശോധനാ റിപ്പോർട്ട് നിലവിൽ താലൂക്ക് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.
ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് തന്നെ പലതവണ മാറി മാറി ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വർധിച്ചു വരുന്ന ലൈംഗിക തൊഴിലും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ രോഗബാധിതരെ കണ്ടെത്തുന്നതിലും അവർക്ക് ബോധവൽക്കരണം നൽകുന്നതിലും വലിയ വെല്ലുവിളികളാണ് അധികൃതർ നേരിടുന്നത്.
ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാൽ രോഗം സ്ഥിരീകരിച്ചവർ ഇപ്പോൾ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുക പ്രയാസകരമാണ്. രോഗവിവരം പുറത്തറിഞ്ഞാൽ സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭയത്താൽ പലരും ചികിത്സ തേടാൻ തയ്യാറാകാതെ താമസം മാറിപ്പോകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ജോലി തേടി ഇവർ മറ്റു സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടാകാം എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭാഷാ പരിമിതിയും വലിയൊരു തടസ്സമായി തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
HIV scare in Perumbavoor: Soaring figures, minor girls among those infected!



