എസ്‌പനോളയ്ക്കും മാനിറ്റൗലിൻ ദ്വീപിനും ഇടയിലുള്ള ഹൈവേ 6, വാഹനാപകടത്തെത്തുടർന്ന് അടച്ചു. വടക്കൻ ഒന്റാറിയോയിലെ ഹൈവേ 6-ൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഒരു യാത്രാ വാഹനവും ഒരു വാണിജ്യ ബോക്സ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഹോപ്കിൻസ് ഹിൽ റോഡിനും, എസ്‌പനോളയിലെ മെറിറ്റ് ടൗൺഷിപ്പ് റോഡിനും ഇടയിലുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്. നിലവിൽ ബദൽ പാതകളൊന്നും ലഭ്യമല്ലെന്നും റോഡ് മണിക്കൂറുകളോളം അടഞ്ഞുകിടക്കുമെന്നും അധികൃതർ അറിയിച്ചു. വാഹനാപകടത്തിന്റെ തീവ്രത മനസ്സിലാക്കായതിന് ശേഷം മാത്രമേ റോഡ് തുറക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളുവെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് കോൺസ്റ്റബിൾ ബെർക്ക്‌ലി പാരീസിയൻ അറിയിച്ചു.
അന്വേഷണങ്ങൾ പ്രാരംഭ ഘട്ടത്തിലായതിനാൽ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോഡ് തുറക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒപിപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്നും പോലീസ് അറിയിച്ചു.



