റെജിന: അടിയന്തര ഘട്ടങ്ങളിൽ ജീവൻരക്ഷാ സഹായത്തിനായി വിളിക്കേണ്ട 911 ഹെൽപ്പ് ലൈൻ നമ്പറിലേക്ക് എത്തിയ വിചിത്രമായ കോളുകളുടെ പട്ടിക പുറത്തുവിട്ട് RCMP. 2025-ൽ സസ്കാച്ചെവാൻ ഓപ്പറേഷൻസ് സെന്ററിൽ ലഭിച്ച 4.22 ലക്ഷത്തിലധികം കോളുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും വിചിത്രമായ പത്ത് കോളുകളുടെ വിവരങ്ങളാണ് RCMP പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പന്നിക്കറി പാകം ചെയ്തതിലെ തർക്കം മുതൽ കുടുംബാംഗത്തിന്റെ കൂർക്കംവലി വരെ നീളുന്നതാണ് ഈ പട്ടിക. സുഹൃത്ത് അനുവാദമില്ലാതെ തന്റെ പോർക്ക് ചോപ്പ് (Pork chop) പാകം ചെയ്തെന്ന പരാതിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഒരാൾ തന്റെ ഫോൺ നഷ്ടപ്പെട്ടെന്നും അത് കണ്ടെത്താനായി ഉദ്യോഗസ്ഥരോട് തന്റെ നമ്പറിലേക്ക് ഒന്ന് വിളിക്കാമോ എന്ന് ചോദിച്ചതുമാണ് ഏറ്റവും വിചിത്രമായ ഒന്നാമത്തെ കോളായി അധികൃതർ അടയാളപ്പെടുത്തിയിരിക്കുന്നത്.
മറ്റ് കോളുകളിൽ പ്രധാനമായും ഭക്ഷണശാലയിൽ ഉച്ചഭക്ഷണം വൈകിയത്, ടോയ്ലറ്റ് പേപ്പർ തീർന്നുപോയത്, ടാക്സി വിളിക്കാൻ ഫോൺ നമ്പർ ആവശ്യപ്പെട്ടത് എന്നിവ ഉൾപ്പെടുന്നു. അയൽവാസികൾ വസ്ത്രധാരണ രീതികൾ പാലിക്കുന്നില്ലെന്ന പരാതിയും ഡ്രൈവ്വേയിൽ ആരോ ഷോപ്പിംഗ് കാർട്ട് ഉപേക്ഷിച്ചതിനെക്കുറിച്ചുള്ള കോളുകളും 911 ഓപ്പറേറ്റർമാരെ അമ്പരപ്പിച്ചു. ഒരു ടിവി ഷോ കാണുന്നതിനിടെ അബദ്ധത്തിൽ ഫോൺ ഡയൽ ചെയ്യപ്പെട്ട സംഭവവും പട്ടികയിലുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 911 കോളുകളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് 2025-ൽ രേഖപ്പെടുത്തിയത്. ഇതിൽ ആകെ 4,22,378 കോളുകളാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തത്. ഇത്തരം അനാവശ്യമായ കോളുകൾ യഥാർത്ഥ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നവർക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഇത്തരമൊരു പട്ടിക പ്രസിദ്ധീകരിക്കുന്നത്.
911 എന്നത് ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങൾക്കോ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ അറിയിക്കാനോ മാത്രമുള്ളതാണെന്ന് സസ്കാച്ചെവാൻ ആർസിഎംപി കമ്മ്യൂണിക്കേഷൻ സെന്റർ മാനേജർ ജോസലിൻ ജെയിംസ് ഓർമ്മിപ്പിച്ചു. നിസ്സാര കാര്യങ്ങൾക്കായി ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് അടിയന്തര സഹായം വൈകിപ്പിക്കുമെന്നും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമർജൻസി 911 സിസ്റ്റംസ് ആക്ട് പ്രകാരം ഇത്തരം സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അനാവശ്യ കോളുകൾ ചെയ്യുന്നവർക്ക് 2,000 ഡോളർ വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ആർസിഎംപി വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
"Hey, can I make a missed call?" RCMP releases list of 10 calls that have been making rounds to Saskatchewan's '911' helpline



