റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി റിയാദിലെ ഇന്ത്യൻ എംബസി. സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികളെ സഹായിക്കുന്നതിനുമായാണ് ശനിയാഴ്ച എംബസി പ്രത്യേക അഡ്വൈസറി പുറപ്പെടുവിച്ചത്.
സൗദിയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അറിയിപ്പിൽ പറയുന്നു. മേഖലയിലെ ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൗരന്മാർ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികൾക്ക് ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ എംബസി സജ്ജമാക്കിയിട്ടുണ്ട്. താഴെ പറയുന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്:
ഫോൺ: 00-966-11-4884697
വാട്സ്ആപ്പ്: 00-966-542126748 (സന്ദേശങ്ങൾ മാത്രം)
ടോൾ ഫ്രീ: 800 247 1234
ഇമെയിൽ: cw.riyadh@mea.gov.in
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വീഴരുതെന്നും എംബസിയുടെ ഔദ്യോഗിക ചാനലുകൾ വഴി വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യാനുസരണം പുതുക്കിയ നിർദ്ദേശങ്ങൾ നൽകുമെന്നും എംബസി അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Embassy issues alert to Indian citizens in Saudi Arabia; Helpline numbers released



