വടക്കൻ ഒന്റാരിയോയിലെ ഗ്രേറ്റർ സഡ്ബറി, മാനിറ്റൗലിൻ ദ്വീപ്, നോർത്ത് ബേ, പാരി സൗണ്ട്, സോൾട്ട് സ്റ്റെ. മേരി, ടിമ്മിൻസ് ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ഉയർന്ന താപനിലയും ഈർപ്പവുമുള്ള കാലാവസ്ഥ തുടരുന്നു. ഈ സാഹചര്യത്തിൽ കാനഡയിലെ എൻവയോൺമെന്റ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ താപനില 29-നും 33-നും ഇടയിൽ എത്താൻ സാധ്യതയുണ്ട്. എന്നാൽ ഹ്യുമിഡിക്സ് മൂല്യം 35-നും 45-നും ഇടയിൽ അനുഭവപ്പെടും. രാത്രികാലങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിനടുത്തായിരിക്കും.
ഈ ഉയർന്ന താപനില ഗ്രേറ്റർ സഡ്ബറിയിലും നോർത്ത് ബേയിലും തിങ്കളാഴ്ച വരെ തുടരാനാണ് സാധ്യത. എന്നാൽ മാനിറ്റൗലിൻ ദ്വീപിലും ടിമ്മിൻസിലും ഞായറാഴ്ച വൈകുന്നേരത്തോടെ ചൂട് കുറയും. സോൾട്ട് സ്റ്റെ. മേരിയിൽ ശനിയാഴ്ച വൈകുന്നേരം വരെയാണ് മുന്നറിയിപ്പ്. ഉയർന്ന ചൂട് ആരോഗ്യപരമായ പല പ്രശ്നങ്ങളും ഉണ്ടാക്കും. ചൂടേറിയ കാലാവസ്ഥ ഹീറ്റ് എക്സ്ഹോസ്റ്റഷൻ, ഹീറ്റ് സ്ട്രോക്ക് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
തലവേദന, ഓക്കാനം, തലകറക്കം, ദാഹം, മൂത്രത്തിന് കടുത്ത നിറം, കടുത്ത ക്ഷീണം എന്നിവയാണ് ഹീറ്റ് എക്സ്ഹോസ്റ്റഷൻ ലക്ഷണങ്ങൾ. ഹീറ്റ് സ്ട്രോക്ക് ഉണ്ടായാൽ ചുവപ്പും ചൂടുമുള്ള ചർമ്മം, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവ ഉണ്ടാകാം. ഇത് ഒരു മെഡിക്കൽ എമർജൻസിയായി കണക്കാക്കണം.
മുതിർന്ന ആളുകൾ, കുഞ്ഞുങ്ങൾ, ഗുരുതരമായ രോഗങ്ങളുള്ളവർ, തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, ഭവനരഹിതർ എന്നിവരാണ് ഈ കാലാവസ്ഥയിൽ കൂടുതൽ അപകടസാധ്യത നേരിടുന്നത്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പബ്ലിക് ഹെൽത്ത് സഡ്ബറി & ഡിസ്ട്രിക്റ്റ്സ് ഹെൽത്ത് പ്രൊട്ടക്ഷൻ ഡിവിഷനിലെ മാനേജർ ബർഗസ് ഹോക്കിൻസ് പറഞ്ഞു.
ചൂടിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക.
കനം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.
ഫാനുകളോ എയർ കണ്ടീഷനറോ ഉപയോഗിക്കുക, അല്ലെങ്കിൽ പൊതു കൂളിംഗ് സെന്ററുകൾ സന്ദർശിക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്.
കൂടാതെ, പാചകത്തിനായി ഓവൻ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, കർട്ടനുകൾ ഉപയോഗിച്ച് വെയിൽ വീടിനകത്തേക്ക് കടക്കാതെ ശ്രദ്ധിക്കണമെന്നും പബ്ലിക് ഹെൽത്ത് സഡ്ബറി & ഡിസ്ട്രിക്സ് അറിയിച്ചു. വരും ദിവസങ്ങളിൽ തണുത്ത കാറ്റ് വീശാൻ സാധ്യതയുണ്ട്. സോൾട്ടിൽ ഇന്ന് വൈകുന്നേരത്തോടെയും മാനിറ്റൗലിൻ ദ്വീപിലും ടിമ്മിൻസിലും ഞായറാഴ്ച വൈകുന്നേരത്തോടെയും ഗ്രേറ്റർ സഡ്ബറിയിലും നോർത്ത് ബേയിലും തിങ്കളാഴ്ച വൈകുന്നേരത്തോടെയും ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



