ഒട്ടാവയിൽ കഴിഞ്ഞ ആറ് ദിവസമായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 56 വർഷത്തിനിടയിൽ ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എൻവയോൺമെന്റ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നിലവിലെ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരും.വ്യാഴാഴ്ച രാത്രിയോടെ ചൂട് കുറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇന്നത്തെ ദിവസം തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പകൽ താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. എന്നാൽ, അന്തരീക്ഷത്തിലെ ഈർപ്പം കാരണം 41 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി ഭാഗികമായി മേഘാവൃതമായിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസാണ് പ്രതീക്ഷിക്കുന്നത്.അടുത്ത ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ വരാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കും, 60 ശതമാനം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്, ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നു, താപനില 26 ഡിഗ്രി സെൽഷ്യസായി കുറയും. ശനിയും ഞായറും ആകാശം ഭാഗികമായി മേഘാവൃതമാവും, ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസ് വരെയാകാം. ഞായറാഴ്ച 60 ശതമാനം മഴയ്ക്കും സാധ്യതയുണ്ട്. സാധാരണയായി ഈ സമയത്ത് പകൽ 27 ഡിഗ്രി സെൽഷ്യസും രാത്രി 16 ഡിഗ്രി സെൽഷ്യസുമാണ് താപനില. ഇപ്പോഴത്തെ കാലാവസ്ഥ ഇതിനെക്കാൾ വളരെ ഉയർന്നതാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.



