ടൊറന്റോയിലെ നിലവിലെ ചൂടും ഈർപ്പവും കാരണം തിങ്കളാഴ്ച സ്കൂളുകൾ അടയ്ക്കാൻ പദ്ധതിയില്ലെന്ന് ടൊറന്റോ ഏരിയ സ്കൂൾ ബോർഡുകൾ അറിയിച്ചു. ചില സ്കൂളുകൾ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തവയാണെങ്കിലും മറ്റുള്ളവയ്ക്ക് എയർ കണ്ടീഷനിംഗ് ഇല്ലെന്നും ആ വിദ്യാർത്ഥികൾ സാഹചര്യങ്ങൾ നേരിടാൻ മുൻകരുതലുകളെടുക്കണമെന്ന് ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് വ്യക്തമാക്കി.ടിഡിഎസ്ബി പറയുന്നതനുസരിച്ച്, 579 സ്കൂളുകളിൽ ഏകദേശം 30 ശതമാനത്തിലും സെൻട്രൽ എയർ കണ്ടിഷനിംഗ് സൗകര്യമുണ്ട്. ബാക്കിയുള്ളവയ്ക്ക് ലൈബ്രറികൾ, ജിമ്മുകൾ പോലുള്ള കൂളിംഗ് സെന്ററുകളോ ചെറിയ എയർ കണ്ടീഷനിംഗ് യൂണിറ്റുകളോ ലഭ്യമാണ്.
നല്ല ജലാംശം നിലനിർത്താൻ സ്കൂൾ ദിവസം മുഴുവൻ ഇളം വസ്ത്രങ്ങൾ, തൊപ്പികൾ, സൺസ്‌ക്രീൻ എന്നിവ ധരിക്കാനും ധാരാളം വെള്ളം കുടിക്കാനും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണമെന്ന് ടിഡിഎസ്ബി മാതാപിതാക്കൾക്ക് നിർദേശം നൽകി.
വിദ്യാർത്ഥികൾ അനുഭവിക്കുന്ന അസ്വസ്ഥതകൾ ലഘൂകരിക്കാൻ സ്കൂൾ ജീവനക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് ടിഡിഎസ്ബി പറയുന്നു. ഫാനുകൾ ഉപയോഗിക്കുക, ലൈറ്റുകളും കമ്പ്യൂട്ടറുകളും സാധ്യമാകുന്നിടത്തെല്ലാം ഓഫ് ചെയ്യുക, ജിം, സ്പോർട്സ് തുടങ്ങിയ കഠിനമായ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ചെയ്യുക.
സ്കൂളുകൾ അടച്ചുപൂട്ടുന്നത് സാധ്യമല്ലെന്നും ഇത് മാതാപിതാക്കൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനായി മറ്റ് സ്ഥലങ്ങൾ കണ്ടെത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്നും അധകൃതർ പറഞ്ഞു.



