ഒട്ടാവ: ഒന്റാരിയോയിലെ ആശുപത്രികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഒട്ടാവയിൽ മാത്രം 700-ഓളം ആരോഗ്യപ്രവർത്തകർക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്ന് ഒന്റാരിയോ കൗൺസിൽ ഓഫ് ഹോസ്പിറ്റൽ യൂണിയൻ (OCHU) മുന്നറിയിപ്പ് നൽകുന്നു. പ്രവിശ്യ സർക്കാർ ആശുപത്രികൾക്കുള്ള ഫണ്ട് വർദ്ധിപ്പിച്ചില്ലെങ്കിൽ നഴ്‌സിംഗ്, പേഴ്‌സണൽ സപ്പോർട്ട് വർക്കർ (PSW) മേഖലകളിൽ വലിയ തോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടാകുമെന്നാണ് യൂണിയന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2027-28 കാലയളവിനുള്ളിൽ ഒന്റാരിയോയിലുടനീളം 9,000-ലധികം തസ്തികകൾ ഇല്ലാതാകാനും 2,400-ഓളം ആശുപത്രി കിടക്കകൾ നിർത്തലാക്കാനും സാധ്യതയുണ്ട്. നിലവിൽ സർക്കാർ നൽകുന്ന രണ്ട് ശതമാനം വാർഷിക ഫണ്ട് വർദ്ധനവ് ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിന് ഒട്ടും പര്യാപ്തമല്ലെന്ന് ഒ.സി.എച്ച്.യു പ്രസിഡന്റ് മൈക്കൽ ഹർലി പറഞ്ഞു.
ആശുപത്രികളുടെ സാമ്പത്തിക ഭദ്രത അതിവേഗം തകർന്നുകൊണ്ടിരിക്കുകയാണെന്നും സേവനങ്ങളുടെ ഗുണനിലവാരം കുറയുന്നത് രോഗികൾ സ്‌ട്രെച്ചറുകളിൽ ദീർഘനേരം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ ആശുപത്രി ഫണ്ടിംഗിൽ 3.2 ബില്യൺ ഡോളറിന്റെ വർദ്ധനവ് വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഈ വർഷം ആരോഗ്യമേഖലയ്ക്കായി വൻതുക നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സർക്കാർ പക്ഷം. അതേസമയം, ആവശ്യത്തിന് ഫണ്ട് നൽകാതെ പൊതു ആശുപത്രികളെ തളർത്തുന്നത് ആരോഗ്യരംഗം സ്വകാര്യവൽക്കരിക്കാനുള്ള സർക്കാരിന്റെ ഗൂഢനീക്കമാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. പണപ്പെരുപ്പത്തിന് അനുസൃതമായി പ്രതിവർഷം ആറ് ശതമാനമെങ്കിലും ഫണ്ട് വർദ്ധിപ്പിച്ചാൽ മാത്രമേ ഈ ഭീഷണി ഒഴിവാക്കാൻ സാധിക്കൂ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
More than 700 health workers in Ottawa could lose their jobs: Hospital union warns provincial government



