ഒന്റാറിയോ: ഒന്റാറിയോയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ട വ്യാജ വയാഗ്ര (Viagra), സിയാലിസ് (Cialis) ഗുളികകൾ ഹെൽത്ത് കാനഡ പിടിച്ചെടുത്തു. ലൈംഗിക ഉത്തേജനത്തിനായി ഉപയോഗിക്കുന്ന ഈ മരുന്നുകളുടെ വ്യാജ പതിപ്പുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഫെഡറൽ ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി. മിസിസാഗയിലെ ബിറ്റ്കോ ഡിസ്ട്രിബ്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്നാണ് ഈ വ്യാജ മരുന്നുകൾ കണ്ടെത്തിയത്. വാട്ടർലൂ മേഖല, ഗ്രേറ്റർ ടൊറന്റോ ഏരിയ, മിസിസാഗ, ഹാമിൽട്ടൺ, നയാഗ്ര ഫാൾസ് എന്നിവിടങ്ങളിലെ റീട്ടെയിൽ കടകളിലേക്ക് ഈ മരുന്നുകൾ എത്തിയതായാണ് വിവരം.
2028 ഏപ്രിൽ എക്സ്പയറി ഡേറ്റും 05668 ലോട്ട് നമ്പറുമുള്ള സിയാലിസ് ഗുളികകളും, 2026 മാർച്ച് 1 എക്സ്പയറി ഡേറ്റും 07R0064A ലോട്ട് നമ്പറുമുള്ള വയാഗ്ര ഗുളികകളുമാണ് വ്യാജമായി കണ്ടെത്തിയത്. യഥാർത്ഥ മരുന്നാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അമേരിക്കൻ ഡ്രഗ് കോഡുകൾ ഇവയിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ വ്യാജമാണെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിൽ വ്യാജ ആരോഗ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഗുളികകളിൽ മാരകമായ വിഷാംശങ്ങളോ അല്ലെങ്കിൽ ലേബലിൽ പറയുന്നതിനേക്കാൾ അമിതമായ അളവിൽ മരുന്നോ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഡോക്ടറുടെ കർശനമായ നിർദ്ദേശമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം. ഹൃദ്രോഗമുള്ളവർക്കും നൈട്രേറ്റ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നവർക്കും ഇത് ഹൃദയാഘാതം, പക്ഷാഘാതം, രക്തസമ്മർദ്ദം പെട്ടെന്ന് താഴുക തുടങ്ങിയ ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കാം. തലവേദന, തലകറക്കം, കാഴ്ച മങ്ങൽ, കേൾവിക്കുറവ് എന്നിവയും ഇതിന്റെ പാർശ്വഫലങ്ങളാണ്. ഈ ബാച്ചിലുള്ള മരുന്നുകൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അവ ഉടൻ നശിപ്പിച്ചു കളയണമെന്നും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Health Canada warns of fake Viagra and Cialis distributed in southern Ontario



