അംഗീകാരമില്ലാത്ത ഫിറ്റ്‌നസ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ. ഓൺലൈൻ വഴിയും മറ്റും വിൽക്കുന്ന ഇൻജക്റ്റബിൾ പെപ്റ്റൈഡ് മരുന്നുകൾ ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങൾ ഉണ്ടാക്കുമെന്ന് ഫിറ്റ്‌നസ് ഉത്പന്നങ്ങൾ വിൽക്കുന്ന കാനഡ പെപ്റ്റൈഡ് എന്ന വെബ്സൈറ്റിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വ്യായാമം ചെയ്യുന്നവർക്കും യുവത്വം നിലനിർത്താനും കായികക്ഷമത വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്ന ഈ മരുന്നുകൾക്ക് ഹെൽത്ത് കാനഡയുടെ അംഗീകാരമില്ല.
ഈ മരുന്നുകൾ മറ്റ് മരുന്നുകളുമായി പ്രതിപ്രവർത്തിക്കാനും അലർജി ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഈ ഉത്പന്നങ്ങളിൽ ലേബലിൽ രേഖപ്പെടുത്താത്ത ചേരുവകളോ മായങ്ങളോ മറ്റ് രാസവസ്തുക്കളോ ഉണ്ടായേക്കാം. അതിനാൽ ഇവയുടെ ഉപയോഗം അണുബാധകൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകും. ഇത്തരം മരുന്നുകൾ ഉപയോഗിച്ച് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായവർ ഉടൻതന്നെ ആരോഗ്യവിദഗ്ദ്ധരെ സമീപിക്കണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.
ലൈസൻസുള്ള ഫാർമസികളിൽ നിന്ന് മാത്രമേ മരുന്നുകൾ വാങ്ങാവൂ എന്നും മുന്നറിയിപ്പിൽ പറയുന്നു. മരുന്നുകൾക്ക് എട്ടക്കമുള്ള ഡ്രഗ് ഐഡന്റിഫിക്കേഷൻ നമ്പർ (DIN), നാച്ചുറൽ പ്രൊഡക്റ്റ് നമ്പർ (NPN), അല്ലെങ്കിൽ ഹോമിയോപ്പതിക് ഡ്രഗ് നമ്പർ (DIN-HM) ഉണ്ടോയെന്ന് ലേബൽ പരിശോധിച്ച് ഉറപ്പാക്കണം. ഹെൽത്ത് കാനഡയുടെ ഡ്രഗ് പ്രൊഡക്ട് ഡാറ്റാബേസിലും ലൈസൻസുള്ള നാച്ചുറൽ ഹെൽത്ത് പ്രൊഡക്ട് ഡാറ്റാബേസിലും ഉത്പന്നങ്ങളുടെ അംഗീകാരം സംബന്ധിച്ച് പരിശോധിക്കാവുന്നതാണ്.



