കാൽഗറി : കാനഡയും ഇന്ത്യയും തമ്മിലുള്ള പുതിയ വാണിജ്യ കരാറുകളുടെ പശ്ചാത്തലത്തിൽ ആഗോള ഐടി ഭീമന്മാരായ എച്ച്‌സിഎൽ ടെക്നോളജീസ് കാൽഗറി യിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹകരണ കേന്ദ്രം ആരംഭിക്കുന്നു. നഗരമധ്യത്തിലെ ആംപേഴ്സാൻഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ നിലവിലെ ഓഫീസിലാണ് പുതിയ എഐ കേന്ദ്രം സജ്ജമാക്കുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിക്ഷേപമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ മുപ്പതോളം എഐ വിദഗ്ധർ ഈ കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കും. എണ്ണ, ഗ്യാസ്, ഊർജം, ഖനനം, ഗതാഗതം തുടങ്ങിയ വൻകിട വ്യവസായ മേഖലകൾക്കായി ആധുനിക എഐ പരിഹാരങ്ങൾ വികസിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ആൽബർട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഷീൻ ലേണിംഗ് (Amii), യൂണിവേഴ്സിറ്റി ഓഫ് കാൽഗറി തുടങ്ങിയ പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രദർശനങ്ങളും വരുന്ന ജൂണിൽ നടക്കും.
കാനഡയിലെ ബിസിനസ് സൗഹൃദ നയങ്ങളും സാങ്കേതിക വിദഗ്ധരുടെ ലഭ്യതയുമാണ് കാൽഗറി തിരഞ്ഞെടുക്കാൻ കാരണമെന്ന് എച്ച്‌സിഎൽ കാനഡ മേധാവി ഡേവ് ചോപ്ര വ്യക്തമാക്കി. കാർബൺ ടാക്സ് ഒഴിവാക്കിയതും പ്രവിശ്യകൾക്കിടയിലുള്ള വ്യാപാര നിയമങ്ങൾ ലളിതമാക്കിയതും ഐടി മേഖലയ്ക്ക് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കാൽഗറി-എഡ്മണ്ടൺ മേഖലയിലായി മുന്നൂറോളം ജീവനക്കാർ കമ്പനിക്കുണ്ട്. പുതിയ എഐ കേന്ദ്രം വരുന്നതോടെ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും മറ്റ് ചെറുകിട കമ്പനികൾക്കും ആധുനിക സാങ്കേതികവിദ്യയിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
India-Canada trade cooperation strong: HCL Technologies opens AI center in Calgary



