ഹാർവാർഡ് സർവകലാശാലയ്ക്ക് ഫെഡറൽ ഗ്രാന്റുകളിൽ നിന്നും 450 മില്യൺ ഡോളർ കൂടി നഷ്ടമാകുന്നു. ട്രംപ് ഭരണകൂടം നേരത്തെ 2.2 ബില്യൺ ഡോളർ മരവിപ്പിച്ചിരുന്നു. ലിബറലിസം, വിവേചനം ആന്റി സെമിറ്റിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പുതിയ ഫണ്ടിംഗ് വെട്ടിക്കുറച്ചത്. ഫെഡറൽ ആന്റി സെമിറ്റിസം ടാസ്ക് ഫോഴ്സ് ഹാർവാർഡ് “വെർച്വു സിഗ്നലിംഗിന്റെ വളർത്തുനിലമായി” മാറിയെന്നും അക്കാദമിക സമഗ്രതയും നിഷ്പക്ഷതയും നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അഭിപ്രായപ്പെടുന്നു.
ഇതിന് പ്രതികരണമായി ഹാർവാർഡ് സർവകലാശാല ഫെഡറൽ ഉപരോധങ്ങളെ ചോദ്യം ചെയ്ത വീണ്ടും പുതുക്കിയ കേസ് ഫയൽ ചെയ്തു. വെട്ടിക്കുറക്കലുകൾ നിയമ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സർവകലാശാല ആരോപിച്ചു. നേതൃത്വത്തിൽ മാറ്റങ്ങൾ, പരിഷ്കരിച്ച പ്രവേശന നടപടി ക്രമങ്ങൾ, ആശയപരമായ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഓഡിറ്റ് എന്നിവയാണ് ഫെഡറൽ ഭരണകൂടം ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധ വകുപ്പുകൾ ഉൾപ്പെടെയുള്ള നിരവധി ഫെഡറൽ ഏജൻസികൾ ഫണ്ടിംഗ് പിൻവലിച്ചിട്ടുണ്ട്.
കൊളംബിയ, പെൻസിൽവാനിയ, കോർണെൽ തുടങ്ങിയ പ്രമുഖ സർവകലാശാലകളെ ലക്ഷ്യമിടുന്ന വിശാലമായ ക്യാമ്പെയ്നിന്റെ ഭാഗമാണ് ഈ നീക്കം. പ്രോ-പാലസ്തീൻ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതും വൈവിധ്യ സംരംഭങ്ങൾ നിയന്ത്രിക്കുന്നതും ഉൾപ്പെടെ ട്രംപിന്റെ അജണ്ടയുമായി പൊരുത്തപ്പെടാൻ ഈ സ്ഥാപനങ്ങളെ സമ്മർദ്ദത്തിലാക്കുകയാണ്. ഹാർവാർഡ് രാഷ്ട്രീയ പക്ഷപാതിത്വമില്ലാത്തതും നിയമ അനുസരണമുള്ളതുമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു.



