ന്യൂ ഡൽഹി: കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണ അന്തരിച്ചു. രാജ്യത്ത് ആദ്യമായി സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകിയതിനെത്തുടർന്ന് ചികിത്സകൾ ഘട്ടംഘട്ടമായി പിൻവലിച്ചതോടെയാണ് മരണം സംഭവിച്ചത്. അന്തസ്സായി മരിക്കാൻ പൗരന് അവകാശമുണ്ടെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെ ഡൽഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ചായിരുന്നു അന്ത്യം.
എയിംസിലെ ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള പത്തംഗ മെഡിക്കൽ സംഘമാണ് ദയാവധ നടപടികൾക്ക് മേൽനോട്ടം വഹിച്ചത്. ഹരീഷ് റാണയുടെ ജീവൻ നിലനിർത്തിയിരുന്ന ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. രോഗിക്ക് വേദനയില്ലാത്ത മരണം ഉറപ്പാക്കുക എന്നതായിരുന്നു ഡോക്ടർമാരുടെ ലക്ഷ്യം. അവസാന നിമിഷങ്ങളിൽ അമ്മയ്ക്ക് മാത്രമാണ് റാണയ്ക്കൊപ്പം കഴിയാൻ അനുമതിയുണ്ടായിരുന്നത്. 2018-ൽ ദയാവധം നിയമവിധേയമാക്കിയ ശേഷമുള്ള സുപ്രീംകോടതിയുടെ നിർണ്ണായകമായ ആദ്യ വിധിയാണിത്.
2013-ൽ ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് പഠനത്തിനിടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ചലനമറ്റ നിലയിൽ യന്ത്രസഹായത്തോടെയാണ് ഇദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. മകൻ ജീവിതത്തിലേക്ക് തിരികെ വരാൻ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് മാതാപിതാക്കൾ ദയാമരണത്തിനായി കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് റാണയുടെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
India's first euthanasia; Harish Rana now in a world without pain



