മെമ്മോറിയൽ യൂണിവേഴ്സിറ്റിയുടെ (MUN) സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പുതിയ പ്രസിഡന്റ് ജാനറ്റ് മോറിസൺ. ആഗസ്റ്റ് 11-നാണ് ജാനറ്റ് ആറുവർഷത്തേക്ക് പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥാപനത്തെ മെച്ചപ്പെട്ട നിലയിലെത്തിക്കാൻ 20.8 ദശലക്ഷം ഡോളറിന്റെ ചെലവ് ചുരുക്കൽ ആവശ്യമാണെന്നും ഇതിനായി എന്ത് കടുത്ത തീരുമാനവും എടുക്കാൻ തയ്യാറാണെന്നും അവർ അറിയിച്ചു. എല്ലാ തീരുമാനങ്ങളും വിദ്യാർഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.
സർവകലാശാലയിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുറവും സർക്കാർ നയങ്ങളിലെ മാറ്റങ്ങളുമാണെന്ന് മോറിസൺ ചൂണ്ടിക്കാട്ടി. നേരത്തെ, ഇടക്കാല പ്രസിഡന്റായിരുന്ന ജെനിഫർ ലൊകാഷ് 20 ജീവനക്കാരെ പിരിച്ചുവിട്ടതടക്കമുള്ള ചിലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രസിഡന്റ് കൂടുതൽ കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്ന് അറിയിച്ചത്. മെമ്മോറിയൽ യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കേണ്ടത് അത്യാവശ്യമാണെന്നും ഈ തീരുമാനങ്ങൾ ആളുകളെ ബാധിക്കുമെങ്കിലും സ്ഥാപനത്തിന്റെ ഭാവിക്കു വേണ്ടിയാണിതെന്നും അവർ പറഞ്ഞു.
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മോറിസൺ പുതിയൊരു വൈസ് പ്രസിഡന്റ് ഓഫ് ഫിനാൻസിനെ നിയമിക്കുമെന്നും അറിയിച്ചു. മുൻപ് ഈ സ്ഥാനത്തുണ്ടായിരുന്ന ലിസ ബ്രൗൺ വൈസ് പ്രസിഡന്റ് ഓഫ് അഡ്വാൻസ്മെന്റ് ആൻഡ് എക്സ്റ്റേണൽ റിലേഷൻസ് എന്ന തൻ്റെ പഴയ തസ്തികയിലേക്ക് തിരികെ പോകും. സർവകലാശാലയുടെ സാമ്പത്തിക നില ഭദ്രമാക്കാൻ ഈ നിയമനം ആവശ്യമാണെന്ന് മോറിസൺ കൂട്ടിച്ചേർത്തു. ഈ പ്രശ്നങ്ങളെല്ലാം താത്കാലികമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ സർവകലാശാലക്ക് മാറ്റങ്ങളുണ്ടാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
'Hard decisions' inevitable; New president to lead MUN in budget crisis



