ഹാളിഫാക്സ്: നഗരത്തിലെ ഭക്ഷണപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട വാൻഡൽ ഡോനട്ട്സ് (Vandal Doughnuts) ഈ വാരന്ത്യത്തോടെ പൂർണമായും പ്രവർത്തനം നിർത്തുന്നു. ആകർഷകമായ നിറങ്ങളിലും വൈവിധ്യമാർന്ന രുചികളിലും ഡോനട്ടുകൾ വിളമ്പി ശ്രദ്ധേയമായ ഈ സ്ഥാപനം പൂട്ടുന്ന വിവരം ഉടമ സോയി ബൂസിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഗോട്ടെൻഗൻ സ്ട്രീറ്റ്, ലോവർ വാട്ടർ സ്ട്രീറ്റ് എന്നിവിടങ്ങളിലുള്ള രണ്ട് ശാഖകളും ഈ ഞായറാഴ്ചയോടെ പ്രവർത്തനം അവസാനിപ്പിക്കും.
2017-ൽ ഗസ് പബ്ബിൽ ഒരു ചെറിയ കൗണ്ടറായി തുടങ്ങിയ വാൻഡൽ, ചുരുങ്ങിയ കാലം കൊണ്ട് ഹാളിഫാക്സിന്റെ സാംസ്കാരിക അടയാളമായി മാറിയിരുന്നു. പ്രത്യേകിച്ച് ഹോമർ സിംപ്സൺ എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ ഇഷ്ട വിഭവമായ ‘ഹോമർ ഡോനട്ട്’ തേടി നിരവധി പേരാണ് ഇവിടെ എത്തിയിരുന്നത്. കഴിഞ്ഞ വർഷം ഡാർട്ട്മൗത്തിലെ പോർട്ട്ലാൻഡ് സ്ട്രീറ്റിലുള്ള ശാഖയും ഇവർ അടച്ചുപൂട്ടിയിരുന്നു.
സ്ഥാപനം നിലനിർത്താൻ സാധ്യമായ എല്ലാ വഴികളും നോക്കിയെങ്കിലും ഒടുവിൽ പൂട്ടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സോയി ബൂസി പറഞ്ഞു. ഹാളിഫാക്സിലെ പ്രഭാതങ്ങളെ മനോഹരമാക്കിയ ഈ ഇടം വെറുമൊരു കട എന്നതിലുപരി ഒരു കൂട്ടായ്മയുടെ ഭാഗമായിരുന്നുവെന്ന് അവർ ഓർമ്മിച്ചു. വാൻഡൽ ഡോനട്ട്സ് വിടപറയുമ്പോഴും ഹാളിഫാക്സ് വാട്ടർ ഫ്രണ്ടിലുള്ള സോയിയുടെ തന്നെ ഉടമസ്ഥതയിലുള്ള ‘ക്രീം’ (Crème) എന്ന കഫേ തുടർന്നും പ്രവർത്തിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Halifax’s Vandal Doughnuts to close this weekend



