കാനഡയുടെ വാണിജ്യ, സുരക്ഷാ മേഖലകളിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ഹാലിഫാക്സ് തുറമുഖത്ത് പുതിയ മറൈൻ കണ്ടെയ്നർ പരിശോധനാ കേന്ദ്രം (Marine Container Examination Facility – MCEF) പ്രവർത്തനമാരംഭിച്ചു. കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) അപകടസാധ്യതയുള്ള കണ്ടെയ്നറുകൾ വേഗത്തിലും കാര്യക്ഷമമായും പരിശോധിക്കാൻ ഈ കേന്ദ്രം വലിയ സഹായമാകും. 25 മില്യൺ ഡോളർ മുടക്കിയാണ് ഈ അത്യാധുനിക പദ്ധതി പൂർത്തിയാക്കിയത്.
ഇത് സി.ബി.എസ്.എ. ജീവനക്കാരുടെ കാര്യക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തും. തുറമുഖത്തെ തിരക്ക് കുറയ്ക്കാനും ഹാലിഫാക്സ് പോർട്ട് അതോറിറ്റിക്ക് വളരാനും ഇത് സഹായിക്കും. അതുപോലെ, കാനഡയിലെ ബിസിനസുകൾക്ക് ലോക വിപണിയിൽ മത്സരിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. കേന്ദ്രം തുറമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ കണ്ടെയ്നർ ട്രക്കുകൾക്ക് ദൂരം കൂടുതൽ സഞ്ചരിക്കേണ്ടി വരില്ല. ഇത് മലിനീകരണം കുറയ്ക്കാനും സഹായിക്കും.
2,700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ കെട്ടിടത്തിൽ 10 പരിശോധനാ സ്ഥലങ്ങളുണ്ട്. ഇവിടെവെച്ച് മയക്കുമരുന്ന്, മോഷ്ടിച്ച വാഹനങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തങ്ങൾക്കുമേൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ ഇടപെടാൻ സാധിക്കും. ഈ കേന്ദ്രം ഒരു ‘എൻവിഷൻ-വെരിഫൈഡ്’ പദ്ധതി കൂടിയാണ്. സൗരോർജ്ജ പാനലുകൾ, മഴവെള്ള സംഭരണ സംവിധാനം, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ നിരവധി പരിസ്ഥിതി സൗഹൃദ സവിശേഷതകളോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ പുതിയ കേന്ദ്രം കാനഡയുടെ വ്യാപാര സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും.



