ദുബായ്: ഒമാൻ ഉൾപ്പെടെയുള്ള ആറ് ജിസിസി രാജ്യങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇയിലെ അന്താരാഷ്ട്ര നഗരമായ ഇന്റർനാഷണൽ സിറ്റിക്കു സമീപമുണ്ടായ സ്ഫോടനങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎഇക്ക് പുറമെ കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. കുവൈറ്റിൽ 97 മിസൈലുകളും 283 ഡ്രോണുകളും സൈന്യം തകർത്തു. ഖത്തറിൽ 16 പേർക്കും കുവൈറ്റിൽ 20 പേർക്കും ആക്രമണങ്ങളിൽ പരിക്കേറ്റു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായി. ഒമാനിലെ ദുഖം തുറമുഖത്തിന് സമീപം ഈജിപ്ഷ്യൻ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ 15 ഇന്ത്യക്കാരുൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. സുരക്ഷാ കാരണങ്ങളാൽ ഏഴ് വിമാനത്താവളങ്ങളിൽ നിന്നായി 3400 സർവീസുകൾ റദ്ദാക്കി.
മേഖലയിലെ സാഹചര്യം ചർച്ച ചെയ്യാൻ ജിസിസി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഉടൻ ചേരും. ഇറാൻ പ്രതിനിധിയെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തെ അപലപിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും മാർപാപ്പയും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. തുർക്കി മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, ഇറാൻ പൂർണ്ണമായും ഒറ്റപ്പെട്ടതായാണ് യുഎഇയുടെ ഔദ്യോഗിക പ്രതികരണം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Gulf region shaken by missile and drone attacks; three dead



