ഒന്റാരിയോയിലെ സ്കൂളുകളിൽ മിക്ക വിദ്യാർത്ഥികളും വേനലവധിയുടെ അവസാന ഘട്ടത്തിലായിരിക്കുമ്പോൾ, ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ചില വിദ്യാർത്ഥികൾ മൂന്നാഴ്ച മുൻപേ ക്ലാസ്സുകളിലേക്ക് മടങ്ങിയെത്തി. ഈ കുട്ടികൾ പഠിക്കുന്നത് ‘ബാലൻസ്ഡ് സ്കൂൾ കലണ്ടർ’ പിന്തുടരുന്ന സ്കൂളുകളിലാണ്. സാധാരണ സ്കൂൾ കലണ്ടർ പ്രകാരമുള്ള അധ്യയന ദിവസങ്ങൾ തന്നെ ഈ സ്കൂളുകളിലുമുണ്ടെങ്കിലും, അവധിക്കാലത്തിന്റെ സമയക്രമത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്.
പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിന്റെ കീഴിലുള്ള ടോണി പോണ്ടെസ് പി.എസ്., റോബർട്ട ബോണ്ടർ പബ്ലിക് സ്കൂൾ, റേ ലോസൺ പബ്ലിക് സ്കൂൾ എന്നിവ ഈ മാതൃക പിന്തുടരുന്നു. ചുരുങ്ങിയ വേനലവധിക്ക് പകരം ഈ സ്കൂളുകൾക്ക് ഒക്ടോബറിൽ ഒരാഴ്ചയും, ഡിസംബറിൽ മൂന്നാഴ്ചയും, ഫെബ്രുവരിയിൽ ഒരാഴ്ചയും, മാർച്ച് ബ്രേക്കിന് രണ്ടാഴ്ചയും അവധിയുണ്ട്. ഈ ക്രമം കുട്ടികൾക്കും അധ്യാപകർക്കും കൂടുതൽ തവണ ഇടവേളകൾ നൽകുന്നു.
“എന്റെ മൂന്ന് കുട്ടികളും ഈ സ്കൂളിലാണ് പഠിക്കുന്നത്. അവർ മറ്റൊരു കലണ്ടർ അനുഭവിച്ചിട്ടില്ല,” കാലെഡനിലെ താമസക്കാരനായ റോബർട്ടോ സർജൂ പറയുന്നു. ഈ സമ്പ്രദായം തങ്ങളുടെ കുടുംബത്തിന് ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വേനൽക്കാലത്ത് കുട്ടികൾക്കായി ക്യാമ്പുകളും മറ്റും കണ്ടെത്തുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഈ ക്രമം കാരണം വർഷം മുഴുവനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നു.
ഈ അധ്യയന വർഷം ഒന്റാരിയോയിലുടനീളം 15 സ്കൂളുകൾക്ക് modified calendar ന് വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ടോണി പോണ്ടെസ് സ്കൂളിൽ എയർ കണ്ടീഷനിങ് സൗകര്യമുള്ളതിനാൽ വേനൽക്കാലത്തും ക്ലാസ്സുകൾ നടത്താൻ കഴിയുന്നുണ്ട്. ഇത് സാധാരണയായി പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിന് കീഴിലുള്ള മിക്ക സ്കൂളുകളിലുമില്ലാത്ത സൗകര്യമാണ്. കൂടുതൽ സ്കൂളുകൾക്ക് ഈ സൗകര്യം ലഭ്യമാക്കിയാൽ കൂടുതൽ സ്കൂൾ ബോർഡുകൾ ഈ മാതൃക പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് ട്രസ്റ്റി സ്റ്റാൻ കാമറൺ അഭിപ്രായപ്പെട്ടു.
യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ അസോസിയേറ്റ് പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ടോഡ് കന്നിംഗ്ഹാം ഈ സമ്പ്രദായത്തെ പിന്തുണയ്ക്കുന്നു. നീണ്ട വേനലവധി കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ ‘സമ്മർ സ്ലൈഡ്’ (പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ പഴയ കാര്യങ്ങൾ മറന്നുപോവുന്ന അവസ്ഥ) പ്രതിഭാസം ഒഴിവാക്കാൻ ബാലൻസ്ഡ് കലണ്ടർ സഹായിക്കും. കൂടാതെ, ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും പുതുതായി കുടിയേറിയ കുടുംബങ്ങൾക്കും ഒരുപോലെ ഗുണകരമാണ്. എന്നാൽ, ഇത് നടപ്പിലാക്കാൻ വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



