കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലെ വിന്നിപെഗിൽ സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകമായ ഗ്രാന്റ്‌സ് ഓൾഡ് മിൽ 50-ാം വാർഷികം ആഘോഷ വേളയിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടു. ഈ സമയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ആഘോഷ സമയത്തും കെട്ടിടം അടച്ചിടേണ്ട അവസ്ഥയാണ്. ഗ്രാന്റ്‌സ് ഓൾഡ് മിൽ കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ അനിവാര്യമായതിനാൽ ആണ് ഈ വേനൽക്കാലത്ത് കെട്ടിടം അടച്ചിട്ടിരിക്കുന്നത്. 50-ാം വാർഷിക ദിനത്തിൽ ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
സ്റ്റർജൻ റോഡിനു സമീപമുള്ള പോർട്ടേജ് അവന്യുവിൽ സ്ഥിതി ചെയ്യുന്ന ഈ മിൽ, 1829-ൽ മീറ്റിസ് വംശജനായ നേതാവ് കത്ബർട്ട് ഗ്രാന്റിന്റെ ജലമില്ലിന്റെ പകർപ്പാണ്. 1975-ൽ അന്നത്തെ മുഖ്യമന്ത്രി എഡ് ശ്രെയർ വിന്നിപെഗിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ മിൽ ഉദ്ഘാടനം ചെയ്തത്. കാനഡയിലെ മീറ്റിസ് സമുദായത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന കത്ബർട്ട് ഗ്രാന്റിന്റെ ജീവിതവും സംഭാവനകളും ഓർമിപ്പിക്കുന്ന ഒരു പ്രധാന സ്ഥലമാണ് ഈ മിൽ.
സെന്റ് ജെയിംസ് അസിനിബോയ പയനിയർ അസോസിയേഷൻ ബോർഡ് അംഗമായ കെല്ലി റൈബാക്ക് ആണ് നിലവിൽ മിൽ നിയന്ത്രിക്കുന്നത്. മില്ലിന്റെ കവാടം തകർന്നതും, ചക്രം നശിച്ചതും, ചുവരുകളുടെ മരച്ചട്ടക്കൂട് ക്ഷയിച്ചതുമാണ് അടിയന്തര നവീകരണത്തിന് കാരണമായതെന്നാണ് കെല്ലി പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിൽ ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മിൽ ആധുനിക ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുനർനിർമിച്ച് വിനോദ-വിദ്യാഭ്യാസ കേന്ദ്രമാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും പഴയകാലത്തെ ധാന്യ പ്രോസസ്സിങ് പ്രവർത്തനങ്ങൾ നേരിൽ കാണാൻ കഴിയുന്ന ഒരു പ്രധാന ആകർഷണമായിരുന്നു ഈ മിൽ. നിലവിൽ മിൽ അടച്ചിട്ടിരിക്കുകയാണെങ്കിലും 50-ാം വാർഷികം ജൂലൈ 12-ന് വർണാഭമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ അസോസിയേഷൻ ആരംഭിച്ചിട്ടുണ്ട്. ചരിത്ര പുനരാവിഷ്കാര പരിപാടികൾ, കളികൾ, സംഗീത പ്രകടനങ്ങൾ, നാടൻ നൃത്ത മത്സരം, ഭാഗ്യക്കുറി എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് വാർഷികാഘോഷ വേളയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 2027-ൽ മിൽ വീണ്ടും തുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. edited @918848239807



