അമ്മയോടും അച്ഛനോടും പറയല്ലേ പ്ലീസ്, എനിക്ക് വലിയ നാണക്കേടാണ്…” ഫോണിന്റെ അങ്ങേത്തലക്കൽ നിന്ന് തന്റെ 21 വയസ്സുകാരനായ പേരക്കുട്ടിയുടെ അതേ ശബ്ദം കേട്ടപ്പോൾ എഡ്മന്റൺ സ്വദേശിയായ ജോഡിക്ക് ഒന്നുപോലും ആലോചിക്കേണ്ടി വന്നില്ല. തന്റെ കൊച്ചുമകൻ ഏതോ കേസിൽ പെട്ട് ജയിലിലായെന്നും ജാമ്യത്തിനായി ഉടൻ പണം വേണമെന്നുമാണ് ആ ‘പേരക്കുട്ടി’ കരഞ്ഞുപറഞ്ഞത്.
ശബ്ദവും സംസാരിക്കുന്ന രീതിയും എല്ലാം തൻ്റെ കൊച്ചുമകന്റേത് തന്നെ! അരമണിക്കൂറിനുള്ളിൽ വക്കീൽ വിളിക്കുമെന്ന് പറഞ്ഞതനുസരിച്ച് ഫോൺ കട്ടായി. കൃത്യം 30 മിനിറ്റ് കഴിഞ്ഞപ്പോൾ ഡേവിഡ് എന്ന് പരിചയപ്പെടുത്തിയ ഒരു ‘വക്കീൽ’ ജോഡിയെ വിളിച്ചു. ബാങ്കിൽ പോയി പണം പിൻവലിക്കാൻ ആവശ്യപ്പെട്ട അയാൾ, പണം വാങ്ങാനായി ഒരു ഉബറോ ബോണ്ട് ഓഫീസറോ ജോഡിയുടെ വീട്ടിലെത്തുമെന്നും അറിയിച്ചു. പാവം ജോഡി ഒന്നും ആലോചിക്കാതെ രണ്ട് ബാങ്കുകളിൽ നിന്നായി പണം പിൻവലിച്ച് വീട്ടിലെത്തിയ ആൾക്ക് കൈമാറി.
എന്നാൽ പണം വാങ്ങി അയാൾ പോയ നിമിഷമാണ് ജോഡിക്ക് എന്തോ പന്തികേട് തോന്നിയത്. ഉടൻ തന്നെ തന്റെ കൊച്ചുമകന് ഒരു മെസ്സേജ് അയച്ചു. അപ്പോഴാണ് താൻ ഇത്രയും നേരം സംസാരിച്ചത് കൊച്ചുമകനോടല്ല, മറിച്ച് ഒരു തട്ടിപ്പുകാരനോടാണെന്ന് അവർ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. പിറ്റേന്നും കൂടുതൽ പണം ആവശ്യപ്പെട്ട് തട്ടിപ്പുകാർ വിളിച്ചെങ്കിലും ഇത്തവണ ജോഡി വീണില്ല. അവർ നേരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ലോകമെമ്പാടും ഇപ്പോൾ പടർന്നുപിടിക്കുന്ന ‘ഗ്രാൻഡ് പാരന്റ് സ്കാം’ എന്ന തട്ടിപ്പിന്റെ ഇരയായിരുന്നു ജോഡി. പ്രായമായവരുടെ വൈകാരികതയെ മുതലെടുത്ത്, അവരുടെ ബന്ധുക്കളുടെ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയും മറ്റും പണം തട്ടുന്ന രീതിയാണിത്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. ജാമ്യത്തുക നൽകാൻ ഒരിക്കലും പോലീസ് ഉദ്യോഗസ്ഥരോ വക്കീലോ നിങ്ങളുടെ വീട്ടിലേക്ക് വരില്ല. അതിന് കോടതിയിൽ നേരിട്ട് ഹാജരാകണം.
നിങ്ങളുടെ ബന്ധുക്കൾ അപകടത്തിലാണെന്നോ ജയിലിലാണെന്നോ പറഞ്ഞ് ഫോൺ വന്നാൽ, പരിഭ്രമിക്കാതെ ആദ്യം അവരെ നേരിട്ട് വിളിക്കാൻ ശ്രമിക്കുക. പലപ്പോഴും നാണക്കേട് ഭയന്ന് ഇത്തരം തട്ടിപ്പുകൾ പലരും പുറത്തുപറയാറില്ലെന്ന് പോലീസ് പറയുന്നു. എന്നാൽ ഇത്തരം ഓരോ തട്ടിപ്പും റിപ്പോർട്ട് ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്. ജാഗ്രത മാത്രമാണ് ഇത്തരം ഡിജിറ്റൽ യുഗത്തിലെ തട്ടിപ്പുകളിൽ നിന്നുള്ള ഏക രക്ഷാകവചം.
grandparent-scam-edmonton-woman-explains-how-she-fell-victim-to-this-common-scheme
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



